സ്വപ്‌നയുടെ വാക്കുകള്‍ പ്രകോപനമുണ്ടാക്കി; അന്വേഷണത്തില്‍ ഇടപെടില്ല; വാദങ്ങള്‍ അനവസരത്തിലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2022 05:16 PM  |  

Last Updated: 19th August 2022 05:16 PM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ്/ ഫയൽ

 

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി. കേസ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഒരു ബാഹ്യ ഇടപെടലും കണ്ടെത്താനായില്ല. സ്വപ്‌നക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കും. സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. 

കേസുകളുടെ അന്വേഷണത്തില്‍ ഇടപെടേണ്ട യുക്തിസഹ കാരണങ്ങളില്ല. എഫ്‌ഐആര്‍ റദ്ദാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ്. സ്വപ്‌നയുടെ വാക്കുകള്‍ പ്രകോപനമുണ്ടാക്കി. ഗൂഢാലോചന കേസിനെതിരെയുള്ള വാദങ്ങള്‍ അനവസരത്തിലുള്ളതാണ്. ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് അന്വേഷണത്തിലാണ് കണ്ടെത്തേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ തള്ളിയത്.  അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.

മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേസ് എടുത്തത് എന്നും പ്രതികാര നടപടിയാണ് ഇതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിയൊരുക്കും; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടമെന്ന് പിഎംഎ സലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ