കണ്ണൂരില്‍ നിന്നും കാണാതായ വ്യവസായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി

നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നും നഗരസഭക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്
രാജ് കബീര്‍, ശ്രീവിദ്യ/ ടിവി ദൃശ്യം
രാജ് കബീര്‍, ശ്രീവിദ്യ/ ടിവി ദൃശ്യം

കണ്ണൂര്‍: നഗരസഭയുടെ ഇടപെടലുകളില്‍ മനം മടുത്ത് നാടുവിട്ടുപോയ വ്യവസായ സംരംഭകരായ ദമ്പതികളെ കണ്ടെത്തി. തലശ്ശേരി നഗരസഭ ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് പൂട്ടിട്ടതോടെ, മനം നൊന്ത് നാടുവിട്ട താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ  എന്നിവരെയാണ് കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. 

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള പരിശോധനയില്‍ ഇവര്‍ കോയമ്പത്തൂരില്‍ ഉണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഡി ഐ ജി രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പാനൂര്‍ പൊലീസ് ദമ്പതികളെ കണ്ടെത്തി. പുലര്‍ച്ചെ ആറുമണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

ദമ്പതികളെ പത്തരയോടെ പൊലീസ് തലശ്ശേരിയിലെത്തിക്കും. തുടര്‍ന്ന് ഉച്ചയോടെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികള്‍ പോയത്. 

നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നും നഗരസഭക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്. തലശേരിയില്‍ ഇവര്‍ നടത്തിയിരുന്ന ഫര്‍ണീച്ചര്‍ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ചാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയത്. 

സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നും തലശേരി ന​ഗരസഭ ആവശ്യപ്പെട്ടു. പിഴ അടയ്ക്കാത്തതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിർദേശം നൽകി.

എന്നാൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഉണ്ടായതെന്നും ഞങ്ങൾ പോകുന്നെന്നും ഞങ്ങളെ ഇനി അന്വേഷിക്കണ്ടയെന്നും രാജ് കബീർ കടയിലെ മാനേജർക്കു വാട്സാപ് സന്ദേശം നൽകിയതിനു പിന്നാലെയാണ് നാടുവിട്ടത്. ദമ്പതികളെ കാണാതായതോടെ ബന്ധുക്കളുടെ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com