കറി വയ്ക്കുന്നതിൽ തർക്കം; ഭാര്യ കിടപ്പു മുറിയിൽ മരിച്ച നിലയിൽ; രണ്ടര വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ

2020 ജൂണ്‍ 18നാണ് മേപ്പാടി റിപ്പണിലെ പോത്ഗാര്‍ഡനില്‍ അബ്ദുല്ലയുടെയും ഖമറുനിസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
അബ്ദുൽ സമദും ഫർസാനയും
അബ്ദുൽ സമദും ഫർസാനയും

കൽപ്പറ്റ: രണ്ടര വർഷം മുൻപ് യുവതിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തിലാണ് ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുൽ സമദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അബ്ദുൽ സമദ് ഒളിവില്‍പ്പോവുകയായായിരുന്നു. 

2020 ജൂണ്‍ 18നാണ് മേപ്പാടി റിപ്പണിലെ പോത്ഗാര്‍ഡനില്‍ അബ്ദുല്ലയുടെയും ഖമറുനിസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പികെ മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പൊലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അബ്ദുൽ സമദിനെ പിടികൂടിയത്. ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് പിതാവ് അബ്ദുല്ല ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. 

2017 ഓഗസ്റ്റ് 15നാണ് അബ്ദുൽ സമദും ഫര്‍സാനയും വിവാഹിതരായത്. ഇരുവരും കോവിഡ് കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്‌സില്‍ ഐട്യൂണ്‍ എന്ന പേരില്‍ മൊബൈല്‍ കട തുടങ്ങിക്കൊടുത്തതായും അബ്ദുല്ലയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായ സമയത്തായിരുന്നു ഇത്. 

തുടര്‍ന്ന് പ്രസവാനന്തരം ഒന്നാം മൈലിലും പിന്നീട് കുറച്ചു കാലത്തിനുശേഷം രണ്ടാം മൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടക വീട് തരപ്പെടുത്തി നല്‍കിയയെന്നും പരാതിയിലുണ്ട്. അതിര്‍ത്തിക്കപ്പുറമുള്ള താനുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന മകളുടെ മരണ വിവരം രാത്രി വൈകിയാണ് അറിഞ്ഞതെന്നും പിറ്റേ ദിവസം വൈകീട്ട് വരെ മകളുടെ മൃതദേഹം കാണിക്കാന്‍ പൊലീസുള്‍പ്പെടെ തയ്യാറായില്ലെന്നും മകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് നിര്‍ബന്ധിച്ച് ഒപ്പു വെപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഫര്‍സാനയും അബ്ദുൽ സമദും തമ്മില്‍ കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് മുറിക്കകത്ത് കയറി വാതിലടച്ച ഫര്‍സാന തൂങ്ങി മരിച്ചതായും പിന്നീട് ഇവരുടെ രണ്ടു വയസുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോള്‍ അബ്ദുൽ സമദ് വാതില്‍ ചവിട്ടിത്തുറക്കുകയുമാണുണ്ടായത്. ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങി മരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുൽ സമദ് സമീപവാസികളോടും മറ്റും പറഞ്ഞത്. 

ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അബ്ദുൽ സമദിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെതായി പൊലീസ് വ്യക്തമാക്കി. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com