തിരുവില്വാമല പുനർജനി ഗുഹയ്ക്ക് സമീപം കടന്നൽ ആക്രമണം; നൂഴനെത്തിയവരെ കുത്തി; പത്ത് പേർക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th December 2022 08:38 AM |
Last Updated: 05th December 2022 08:38 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി ഗുഹയ്ക്കു സമീപം കടന്നൽ ആക്രമണം. വില്വമലയിൽ നൂഴാനെത്തിയ 10 ഭക്തർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ മലയിലെ സീതാർകുണ്ട് ഭാഗത്തു നിന്നാണു കടന്നലുകൾ ഇളകി വന്നത്.
നൂഴാനെത്തിയ കുന്നംകുളം സ്വദേശികളായ രാജേഷ്, രഞ്ജീഷ്, വിബീഷ്, വിഷ്ണു, അജീഷ്, കൊടുങ്ങല്ലൂർ സ്വദേശികളായ വിജയകൃഷ്ണൻ, ബൈജു, സുമേഷ്, സഞ്ജീവൻ, നൂഴൽ കാണാനെത്തിയ തിരുവല്ല മണിമല സ്വദേശി ചന്ദ്രിക എന്നിവർക്കാണു കുത്തേറ്റത്. പലർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
അജീഷ് പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ചികിത്സ നേടി. കഴിഞ്ഞ ദിവസം ഇവിടെ കാടു വെട്ടിമാറ്റാനെത്തിയ തൊഴിലുറപ്പു തൊഴിലാളികൾക്കും കടന്നൽക്കുത്തേറ്റിരുന്നു. തുടർന്ന് ഒരു കടന്നൽ കൂട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു.
സീതാർകുണ്ട് ഭാഗത്തെ കടന്നൽ കൂട് ഇളകി ആക്രമണത്തിനിരയായ ആൾ, ജനങ്ങൾ കൂടുതലായി നിന്ന ഭാഗത്തേക്ക് ഓടിയെത്തിയതാണു നിരവധി പേർക്കു കുത്തേൽക്കാൻ ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. സേവാഭാരതി പ്രവർത്തകർ തീയിട്ടാണു കടന്നലുകളെ തുരത്തിയത്.
പൊലീസും ഭക്തരും സേവാഭാരതി– വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ചേർന്നു പരിക്കേറ്റവരെ രക്ഷപ്പെടുത്തി മലയിൽ നിന്നു താഴേക്ക് എത്തിച്ചു. ചടങ്ങു നടക്കുന്നതിന് മുൻപായി ഇവിടെയുള്ള കടന്നൽ കൂടുകൾ നശിപ്പിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ലെന്നും മലയ്ക്കു മുകളിൽ പ്രാഥമിക ശുശ്രൂഷ നൽകാൻ ആരോഗ്യ പ്രവർത്തകരില്ലായിരുന്നു എന്നും ആരോപണമുണ്ട്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ