തുറമുഖം ഒരിക്കലും ഒഴിവാക്കാനാവില്ല; മത്സ്യത്തൊഴിലാളികളെ ഹാപ്പിയാക്കി കൂടെ നിര്‍ത്തണം: പി കെ കുഞ്ഞാലിക്കുട്ടി

മന്ത്രിക്കെതിരെ ഫാദര്‍ നടത്തിയത് കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും മോശമായ പ്രസ്താവനയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു
പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സെന്‍സിറ്റീവ് ആയ കടലോര മേഖലയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കണം. പദ്ധതിക്ക് വേണ്ടി മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചപ്പോള്‍, മറ്റുള്ള സന്ദര്‍ഭത്തില്‍ കൊടുത്ത തരത്തില്‍ ഒരു പാക്കേജ് കൊടുത്ത് അവരെ ഹാപ്പിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. അതാണ് സര്‍ക്കാരിന് പറ്റിയ പാകപ്പിഴ. അതാണ് വിഴിഞ്ഞത്ത് സംഭവിച്ച ഗൗരവതരമായ കാര്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

'തീരമാണ് സജി ചെറിയാന്റെ കണ്ണീരൊപ്പിയത്' 

തുറമുഖം ഒരിക്കലും ഒഴിവാക്കാനാവില്ല. അതിനെപ്പറ്റി ആരും സംസാരിച്ചിട്ടില്ല. കടല്‍കയറ്റം, തൊഴില്‍ നഷ്ടം തുടങ്ങിയ മൂലം ജീവിതം പൊറുതിമുട്ടിയ സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ പ്രശ്‌നം പരിഹരിച്ചു കൊടുക്കുക തന്നെ വേണം. അവരുടെ കണ്ണീര് ഒപ്പിയിട്ടില്ല. സജി ചെറിയാന്‍ പറഞ്ഞത് തീരത്തിന്റെ കണ്ണീരൊപ്പിയത് ഞങ്ങളാണെന്ന്. എന്നാല്‍ സജി ചെറിയാന്‍ കരഞ്ഞപ്പോള്‍ തീരമാണ് സജി ചെറിയാന്റെ കണ്ണീരൊപ്പിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി അവരെ സന്തോഷത്തോടെ കൂടെ നിര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

മന്ത്രി അബ്ദുറഹ്മാനെതിരായ പരാമര്‍ശം കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും മോശമായ പ്രസ്താവനയാണ്. അതിനെ അന്നും അപലപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തി പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ അതില്‍ നിന്നും ഒരു രാഷ്ട്രീയ മുതലെടുപ്പ് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നതുപോലെ ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. ഞങ്ങള്‍ക്ക് അതു വേണ്ടെന്നും ഭരണപക്ഷത്തോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വിശാലമായി ചിന്തിച്ച് കേരളത്തിന്റെ സൗമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ കാണിക്കണം. ഫാദര്‍ നടത്തിയത് ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അത് കേരളത്തില്‍ കേള്‍ക്കാന്‍ പോലും പാടില്ലാത്തതാണ്. അതിനെ അപലപിക്കുകയാണ്. വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല. വിഴിഞ്ഞം തുറമുഖം വളരെ പ്രധാനപ്പെട്ട പോര്‍ട്ട് ആണ്. ഇത്തരത്തിലൊരു പോര്‍ട്ട് ഇന്ത്യയ്ക്ക് പോലുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുഖ്യമന്ത്രിക്ക് എന്തുപറ്റി ?

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ല്‍ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സര്‍ക്കാരാണ്. ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. 

വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരന്‍ വിജയന്‍ തീവ്രവാദി ആണോ? അക്രമം ആര് നടത്തിയാലും അതിനോട് യോജിപ്പില്ല. എന്നാല്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അങ്ങേക്ക് എന്ത് പറ്റി? സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്. ഭരണാധികാരി എന്ന നിലയില്‍ മുഖ്യമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന് യോജിച്ച തീരുമാനം ഉണ്ടോ ?

തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് യോജിച്ച തീരുമാനം ഉണ്ടോയെന്ന് സിപിഎമ്മിലെ സജി ചെറിയാന്‍ ചോദിച്ചു.തുറമുഖ നിര്‍മാണം മൂലം കാര്യമായ തീരശോഷണം സംഭവിക്കില്ലെന്ന് പഠനത്തില്‍ വ്യക്തമായതായി അന്നത്തെ മന്ത്രി കെ. ബാബു നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ എല്‍ഡിഎഫിന് യാതൊരു പങ്കുമില്ല.സമരം ഒത്തുതീര്‍പ്പാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ യുഡിഎഫ് പാരവെയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com