'സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു, വേഗം വാ, ഞാന്‍ തീയണയ്ക്കുന്ന തിരക്കിലാണ്'; ഒരു നാടിനെ വലച്ച് വ്യാജ സന്ദേശം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചെന്ന് വ്യാജസന്ദേശം നല്‍കി കബളിപ്പിച്ചയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചെന്ന് വ്യാജസന്ദേശം നല്‍കി കബളിപ്പിച്ചയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 

പേരൂര്‍ക്കട വഴയില-വേറ്റിക്കോണം റോഡിലെ കാവടിത്തലയ്ക്കല്‍ പ്രദേശത്തെ ഒരു വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും രണ്ടുപേര്‍ മരിച്ചതായും അഗ്നിരക്ഷാസേനയെ ഒരാള്‍ ഫോണ്‍ വഴി അറിയിക്കുകയായിരുന്നു. വിളിച്ചയാള്‍ സുരന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഉടന്‍ തന്നെ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തേക്കു പാഞ്ഞു. വഴിയറിയാന്‍ തിരികെ വിളിച്ചപ്പോള്‍, പെട്ടെന്ന് എത്തണമെന്നും താന്‍ തീയണയ്ക്കുന്ന തിരക്കിലാണെന്നും അഗ്നിരക്ഷാസേനയെ ഇയാള്‍ അറിയിച്ചു.

വീട് തിരിച്ചറിയാനായി അപകടം വിളിച്ചറിയിച്ചയാളുടെ മൊബൈലിലേക്ക് അഗ്നിരക്ഷാസേന വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. പിന്നീട് മൊബൈല്‍ ഓഫായി. ഇതേത്തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും വട്ടിയൂര്‍ക്കാവ് പൊലീസും ചേര്‍ന്ന് പ്രദേശത്തെ വീടുകള്‍ പരിശോധിച്ചെങ്കിലും ഒരിടത്തും അപകടം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ സന്ദേശം വ്യാജമെന്ന് അഗ്നിരക്ഷാസേനയും പോലീസും തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ അഗ്നിരക്ഷാസേന അധികൃതര്‍ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com