തീര്‍ത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; ദര്‍ശന സമയം 19 മണിക്കൂറാക്കി; തിരക്ക് നിയന്ത്രിക്കാന്‍ നടപടി

നിലയ്ക്കലിലെ പാര്‍ക്കിങ്ങില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്
ശബരിമല / ഫയല്‍ ചിത്രം
ശബരിമല / ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുക ലക്ഷ്യമിട്ട് വിര്‍ച്വല്‍ ക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കുറച്ചു. പ്രതിദിനം 90000 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. നിലവില്‍ 1.20 ലക്ഷം പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. 

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. ശബരിമലയില്‍ ഒരു ദിവസം 85000 പേരായി ചുരുക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചിരുന്നത്. ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹമാണ് ഉണ്ടാകുന്നത്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ വന്നത്. ഒരു ലക്ഷത്തി രണ്ടായിരത്തോളം പേരാണ് അന്ന് ദര്‍ശനത്തിന് എത്തിയത്. അത് കുറച്ച് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

ഇന്നുവരെ 19,17,385 ഭക്തരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇതില്‍ ഇന്നലെ വരെ 14,98,824 പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഇന്ന് 1,19,000 ഭക്തര്‍ തീര്‍ത്ഥാടനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടകര്‍ സുഗമമായി ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങുന്നതിനാണ് ദേവസ്വം ബോര്‍ഡ് പ്രാധാന്യം കല്‍പ്പിക്കുന്നത്. 

ഒരു മിനുട്ടില്‍ പതിനെട്ടാംപടി കയറുന്ന ഭക്തരുടെ എണ്ണം സാധാരണഗതിയില്‍ 65 ആണ്. ഇത് പരമാവധി പോയാല്‍ 90 വരെയാകാം. കൊച്ചുകുട്ടികള്‍, അംഗവൈകല്യമുള്ളവര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ വരുമ്പോള്‍ പരമാവധി പേരെ പ്രവേശിപ്പിക്കുക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

മുന്‍കാലത്ത് പുലര്‍ച്ചെ നാലുമണിക്കാണ് നട തുറന്നിരുന്നത്. 12 മണിക്ക് അടയ്ക്കും. വീണ്ടും നാലു മണിക്ക് തുറന്ന് 10 മണിക്ക് അടയ്ക്കുന്നതായിരുന്നു പതിവ്. എന്നാല്‍ തീര്‍ത്ഥാടക പ്രവാഹം കണക്കിലെടുത്ത് ഇത്തവണ നട തുറക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്കായി ക്രമീകരിച്ചിരുന്നു. 

ഉച്ചയ്ക്ക് ഒരുമണി വരെയും, തുടര്‍ന്ന് നട അടച്ച ശേഷം മൂന്നു മണിക്ക് നട തുറന്ന് 11 മണി വരെയുമാണ് ഇത്തവണ ദര്‍ശനം അനുവദിച്ചിരുന്നത്. എന്നാല്‍ തീര്‍ത്ഥാടക തിരക്ക് പരിഗണിച്ച് ഉച്ചയ്ക്ക് ഒന്നര വരെ നട തുറന്നിരിക്കാനും, രാത്രി നട അടയ്ക്കുന്നത് രാത്രി 11.30 ആക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസം 19 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് സമയം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ദര്‍ശന സമയം കൂട്ടിയതോടെ മേല്‍ശാന്തി അടക്കമുള്ള പുരോഹിതര്‍ക്ക് വിശ്രമിക്കാന്‍ കിട്ടുന്നത് കേവലം അഞ്ചു മണിക്കൂര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഇനിയും ദര്‍ശനസമയം കൂട്ടുന്നത് അപ്രായോഗികമാണ്. ഇന്നലെ മുതല്‍ ഇതു നടപ്പാക്കിയിട്ടുണ്ട്. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം പരിമിതപ്പെടുത്തി. അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും നടക്കുമ്പോള്‍ തന്നെ ഒന്നാമത്തെ ക്യൂവിലൂടെ ആളുകളെ കയറ്റിവിടാന്‍ തീരുമാനിച്ചതായും അനന്ത ഗോപന്‍ പറഞ്ഞു. 

ഹരിവരാസന സമയത്തും ആളുകളെ എല്ലാ ക്യൂവിലൂടെയും കയറ്റിവിടും. വളരെ സമയം ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌കറ്റും നല്‍കുന്നുണ്ട്. ഇത് ശരംകുത്തിയിലും ക്യൂ കോംപ്ലക്‌സിലും നടപ്പാക്കും. നിലയ്ക്കലിലെ പാര്‍ക്കിങ്ങില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. അവിടെ റബര്‍ മരങ്ങള്‍ വെട്ടിമാറ്റിയും കുന്നും മറ്റും നിരപ്പാക്കിയുമാകും പാര്‍ക്കിങ്ങ് സൗകര്യം വര്‍ധിപ്പിക്കുക.

നിലവില്‍ 12,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് അനന്തഗോപന്‍ പറഞ്ഞു. ഇത് വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലയ്ക്കലിലെ ടോയ്‌ലറ്റ് സംവിധാനങ്ങള്‍ സൗജന്യമായിട്ടാണ് നല്‍കി വരുന്നത്. 11.30 വരെ കൊണ്ട് ദര്‍ശനം നടത്താന്‍ കഴിയാതെ വന്നാല്‍, അവിടെ നില്‍ക്കുന്ന ഭക്തരെ മുഴുവന്‍ രാത്രി തന്നെ പതിനെട്ടാം പടി കയറ്റും. പിറ്റേ ദിവസം സുഖദര്‍ശനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com