അടിയേറ്റ് തലയോട്ടി തകര്‍ന്നു, രക്തക്കുഴലുകള്‍ പൊട്ടി, ശരീരത്തിൽ ആഴത്തിൽ മുറിവുകൾ; യുവതിയുടെ മരണം ക്രൂര മർദ്ദനമേറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2022 08:08 AM  |  

Last Updated: 13th December 2022 08:08 AM  |   A+A-   |  

smitha

സ്മിതാകുമാരി

 

കൊല്ലം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചത് ക്രൂരമായ മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരിയാണ് മരിച്ചത്. പേരൂര്‍ക്കട പൊലീസില്‍ ഫൊറന്‍സിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.

അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തു കൂടി മൂക്കിന്റെ ഭാഗം വരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. രക്തക്കുഴലുകള്‍ പൊട്ടി. ഇതാണ് പ്രധാന മരണ കാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ച് മുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലം തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നവംബര്‍ 26-ന് വൈകീട്ടാണ് സ്മിതാകുമാരിയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണ പിള്ളയെ അറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല.

മരിച്ച ശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി. 30ന് പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭിന്നശേഷിക്കാരിയായ വിധവയുടേയും അമ്മയുടേയും 54 ലക്ഷം രൂപ തട്ടിയെടുത്തു; സിപിഎം നേതാക്കള്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ