ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം; ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കമ്മിറ്റിയംഗം മർദിച്ചു

ഹോസ്റ്റെയുടെ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ; ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദനം. ഹോസ്റ്റെയുടെ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. നട്ടെല്ലിനും നെഞ്ചിനും പരുക്കേറ്റ സിപിഎം മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു.

സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ മുൻ കൺവീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയിൽ ടി.എ.സുധീർ, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനിൽ എന്നിവരാണ് അറസ്റ്റിലായത്. സുധീർ നടത്തുന്ന ഹോംസ്റ്റേയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. 

ആറു മാസം മുൻപ് അനാശാസ്യം നടക്കുന്നതായി ആരോപിച്ച് ഹോംസ്റ്റേ നാട്ടുകാരുടെ നേതൃത്വത്തിൽ അടച്ചുപൂട്ടിയിരുന്നു. അന്ന് പ്രതിഷേധത്തിന് സുധീറും മുൻപന്തിയിലുണ്ടായിരുന്നു. പിന്നാലെ സുധീറും സുനിലും ചേർന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്തു. ഇതിനു ശേഷവും അനാശാസ്യ പ്രവർത്തനം തുടരുകയാണെന്ന് പ്രദേശത്തെ 101 വീട്ടുകാർ പരാതി നൽകി. ഇതേ തുടർന്നു സിപിഎം പ്രവർത്തകർ സുധീറിനെ താക്കീത് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച്, ഇന്നലെ രാവിലെ വാനിൽ പോകുകയായിരുന്ന സോണിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വണ്ടിയിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പരുക്കേറ്റു റോഡിൽ കിടന്ന സോണിയെ അഗ്നിരക്ഷാ സേനയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. 

സംഭവത്തെ തുടർന്ന് സുധീറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്നാണ് പുറത്താക്കിയത്. മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഹോം സ്റ്റേയുടെ മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com