ഇപി ജയരാജന് എതിരായ പരാതി അറിയില്ല; പിബിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 05:15 PM  |  

Last Updated: 28th December 2022 05:15 PM  |   A+A-   |  

yechuri

സീതാറാം യെച്ചൂരി/ഫയല്‍


ന്യൂഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണം അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം പാര്‍ട്ടി പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമുള്ള ശേഷി സംസ്ഥാന ഘടകത്തിന് ഉണ്ടെന്നും യെച്ചൂരി പറഞ്ഞു. 

ഇപി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജന് എതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് പിബിയുടെ ചര്‍ച്ചയില്‍ വന്നത്. തെറ്റ് തിരുത്തല്‍ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സഖ്യം സംബന്ധിച്ച ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണയവും അടുത്ത മാസം 9നു സംസ്ഥാന കമ്മറ്റിയില്‍ നടക്കുമെന്നും യെച്ചൂരി വിശദീകരിച്ചു.

കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ, പി ജയരാജന് എതിരെ പി ജയരാജനെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പി ജയരാജന് കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'സുധാകരന്‍ എന്ത് ഉദ്ദേശത്തിലാണ് അത് പറഞ്ഞതെന്ന് ചോദിക്കും'; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അസംബന്ധം: പിഎംഎ സലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ