ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു

മൊബൈല്‍ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
ദിലീപ് ചോദ്യം ചെയ്യലിനായി എത്തുന്നു/ ഫയല്‍ ചിത്രം
ദിലീപ് ചോദ്യം ചെയ്യലിനായി എത്തുന്നു/ ഫയല്‍ ചിത്രം


കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. മൊബൈല്‍ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവിടെനിന്ന് ഫോണുകള്‍ പരിശോധനയ്ക്കായി വാങ്ങാം. കേസ് ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശം കോടതി രേഖപ്പെടുത്തി. തുടര്‍ന്ന് ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഫോണുകള്‍ മജ്സട്രേറ്റ് കോടതിക്കു കൈമാറാന്‍ ഉത്തരവിട്ടു. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണും പ്രതിഭാഗം കോടതിയെ അറിയിക്കും.

ദിലീപ് ഹാജരാക്കിയ ആറു ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ആവര്‍ത്തിച്ചു.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെല്‍വുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന 12,000ല്‍ ഏറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു.

ഒരു ഫോണ്‍ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു.ഈ കേസില്‍ പ്രതിക്ക് അനാവശ്യ പരിഗണന കിട്ടുന്നതായി വിമര്‍ശനം ഉയരുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഭാവിയില്‍ മറ്റു പ്രതികളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com