വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാവും?; ദിലീപ് ഹൈക്കോടതിയില്‍

പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് ദിലീപ് ഹൈക്കോടതിയില്‍. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ള ചോദിച്ചു. 

ദിലീപിന്റെ വാക്കുകള്‍ കേട്ട് അവിടെ ഇരുന്ന ആരെങ്കിലും പ്രതികരിച്ചോ? എന്തു ധാരണയിലാണ് അവര്‍ എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെയാണ് ഗൂഢാലോചനയാവുക? അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ചുവീഴ്ത്തിയാലും തന്റെ ഒന്നര കോടി പോവുമല്ലോ എന്നു ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്. എന്തു സംഭവിച്ചാലും അതു തന്റെ തലയില്‍ വരുമെന്നു മാത്രമാണ് ദീലീപ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. 

കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിനു കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണ്. സംഭാഷണങ്ങളില്‍ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ഇതു നിലനില്‍ക്കില്ലെന്ന് ബി രാമന്‍ പിള്ള വാദിച്ചു. 

പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി. പുതിയ എഫ്‌ഐആറില്‍ പറയുന്ന കുറ്റം വ്യത്യസ്തമാണ്. അതുകൊണ്ടു പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. 

മൊഴിയിലും എഫ്‌ഐആറിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ദിലീപ് രണ്ടു പേരുടെ പേരു പറഞ്ഞ് അവര്‍ അനുഭവിക്കും എന്നു പറഞ്ഞതായാണ് ആദ്യ മൊഴി. പിന്നീട് ഇതില്‍ മൂന്നു പേരുകള്‍ ചേര്‍ക്കുകയാണ് ചെയ്തത്. കുറച്ചു പേര്‍ ചേര്‍ന്നു കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണിത്. 


തുടരന്വേഷണം തടയണം

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഹൈക്കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാല്‍ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തുടന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണം. 28ന് പരാതി ലഭിച്ചു, 29ന് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com