ഡിവൈഎസ്പി ബൈജു പൗലോസിന്റെ കാർ നമ്പർ ദിലീപിന്റെ ഡ്രൈവർ മംഗളൂരുവിലെ ഫോണിലേക്ക് അയച്ചു;  നിർണായക തെളിവ് 

ഇതേ വാഹനത്തിന്റെ നമ്പർ നടൻ ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു
ദിലീപ്/ഫയല്‍ ചിത്രം
ദിലീപ്/ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ ദിലീപിന്റെ ഡ്രൈവർ മംഗളൂരുവിലെ ഫോണിലേക്ക് അയച്ചുവെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയാണ് മംഗളൂരുവിലെ ഒരു മൊബൈൽ നമ്പറിലേക്ക് കാറിന്റെ നമ്പർ അയച്ചത്. 

അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ ഇതേ വാഹനത്തിന്റെ നമ്പർ നടൻ ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു. ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണ് ബൈജുവിന്റെ കാറിന്റെ നമ്പർ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളത്. 

ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ കൈവശമാണ് ഈ ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. അപ്പുണ്ണി വാഹന നമ്പർ അയച്ചുകൊടുത്ത മം​ഗളൂരുവിലെ ഫോൺനമ്പർ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. 

അതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദപരിശോധനയ്ക്ക് ഹാജരാകാൻ നോട്ടീസ്. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചു. 

നേരിട്ടും അഭിഭാഷകർ മുഖേനയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാത്ത സാഹചര്യത്തിൽ ദിലീപിന്റെ ആലുവ പാലസിന് സമീപമുള്ള വീട്ടിൽ നോട്ടീസ് പതിക്കുകയായിരുന്നു. വധ​ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com