അനാഥയെ വിവാഹം ചെയ്യാന്‍ യുവാവിന് ആഗ്രഹം; മകളുടെ ഫോട്ടോ കാണിച്ച് 11 ലക്ഷം തട്ടി ദമ്പതിമാര്‍, പൊലീസ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 07:47 AM  |  

Last Updated: 11th February 2022 07:47 AM  |   A+A-   |  

couple_arrested_for_cheating


അരീക്കോട്: അനാഥയായ യുവതിയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ദമ്പതിമാർ അറസ്റ്റിൽ. 11 ലക്ഷം രൂപയാണ് തട്ടിയത്.  തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ വർക്കല താഴെ വെട്ടൂർ തെങ്ങറ റാഷിദ മൻസിലിൽ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്. 

അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ അബ്ദുൾ വാജിദിന്റെ (26) പരാതിയിലാണ് അറസ്റ്റ്. അനാഥയും നിർധനയുമായ യുവതിയെ വിവാഹം ചെയ്യാനാണ് അബ്ദുൾ വാജിദ് ആഗ്രഹിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വാജിദുമായി പരിചയപ്പെട്ട റാഷിദ  അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്നാണ് യുവാവിനെ വിശ്വസിപ്പിച്ചത്. 

എന്നാൽ റാഷിദയെന്ന പേരിൽ യുവാവിനെ കാണിച്ചത് റാഷിദയുടെ രണ്ടാമത്തെ മകളുടെ ഫോട്ടോ ആയിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താൻ തൃശ്ശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്തുമാസങ്ങൾക്കിടയിൽ പലപ്പോഴായി 11 ലക്ഷം രൂപയാണ് റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചത്. 

എന്നാൽ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നേരിൽ കാണാൻപോലും അവസരം നൽകാതെ ഇവർ ഒഴിഞ്ഞുമാറി. ഇതോടെ സംശയം തോന്നിയ യുവാവ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേൽവിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ താൻ കബളിപ്പിക്കപ്പെട്ട വിവരം  മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.