നിരവധി ക്രിമിനൽ കേസുകൾ; അഞ്ച് ലക്ഷം ഇനാം; അസമിലെ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റിൽ

വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു
അസ്മത് അലി
അസ്മത് അലി

മലപ്പുറം: നിരവധി കേസുകളിൽ പ്രതിയും അസം സ്വദേശിയുമായ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റിൽ. അസം പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയായ സോനിത്പുർ സ്വദേശി അസ്മത് അലിയാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി അമീർ ഖുസ്മുവും പിടിയിലായിട്ടുണ്ട്. 

നിലമ്പൂർ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. അസം പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അസം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂർ വലയിലായത്. അസം പൊലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കും. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും റിപ്പോർട്ടുകളുണ്ട്.

അസം പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്കൊപ്പം ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പൊലീസിന് ലഭിക്കാതായതോടെ അന്വേഷണവും വഴിമുട്ടി.

നിരവധി ക്രിമിനൽ കേസുകളിലെ  പ്രതിയായ ഇയാൾ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരിൽ എത്തിയത്. നേരത്തെ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കൾ, വീട്ടുകാർ എന്നിവരുമായി ഇയാൾ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com