കടുവക്കുഞ്ഞിന്റെ തുടര്‍ച്ചയായ കരച്ചിലില്‍ വിളികേട്ടു, അമ്മയെത്തി; ഇനി സ്വന്തം കാട്ടിലേക്ക്

ഒരു ദിവസം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കടുവക്കുഞ്ഞിനെ തേടി അമ്മക്കടുവ എത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സുല്‍ത്താന്‍ ബത്തേരി: ഒരു ദിവസം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കടുവക്കുഞ്ഞിനെ തേടി അമ്മക്കടുവ എത്തി. അമ്മക്കടുവയുടെ മുരള്‍ച്ച കേട്ടതോടെ വനപാലകര്‍ കുട്ടിക്കടുവയുടെ കൂട് തുറന്നു.
പുറത്തിറങ്ങിയ കടുവക്കുഞ്ഞ് അമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അമ്മയുടെയും കുട്ടിയുടെയും മാറിമാറിയുള്ള മുരള്‍ച്ചയായി പിന്നെ. അമ്മയുടെ സുരക്ഷിതത്വത്തില്‍ കടുവക്കുഞ്ഞ് എത്തിയെന്നുറപ്പിച്ച് ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ വനപാലക സംഘം സംതൃപ്തിയോടെ മടങ്ങി.

കഴിഞ്ഞ ദിവസം വയനാട്‌ മന്ദംകൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയില്‍ വീണ 6 മാസം പ്രായമുള്ള പെണ്‍കടുവക്കുഞ്ഞിനെയാണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെ വനപാലകര്‍ തള്ളക്കടുവ എത്തിയ വനമേഖലയിലേക്ക് തുറന്നു വിട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് കടുവ ജനവാസ കേന്ദ്രത്തിലെ കുഴിയില്‍ വീണത്. ഇന്നലെ രാവിലെ വനപാലക സംഘമെത്തി മയക്കുവെടി വച്ച് വലയിലാക്കി രക്ഷിക്കുകയും വൈകുന്നേരത്തോടെ സമീപത്തുള്ള വനമേഖലയില്‍ കൂട്ടില്‍ എത്തിക്കുകയുമായിരുന്നു.

വീണ കുഴിയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി വനത്തിലാണ് തുറന്നുവിട്ടത്. വൈകിട്ടു മുതല്‍ രാത്രി മുഴുവന്‍ തള്ളക്കടുവയുടെ വരവിനായി വനപാലകര്‍ കാത്തു. കടുവക്കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞു കൊണ്ടേയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പ്രദേശത്തെ വനത്തില്‍ നിന്ന് തള്ളക്കടുവയെത്തി. ശബ്ദം തുടര്‍ച്ചയായി കേട്ടതോടെ വനപാലകര്‍ കൂടു തുറന്നു വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com