ദിലീപ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു; സര്‍ക്കാര്‍ കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 07:13 PM  |  

Last Updated: 22nd February 2022 07:13 PM  |   A+A-   |  

dileep highcourt

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചതായാണ് കോടതിയെ അറിയിച്ചത്.

ശാസ്ത്രീയ പരിശോധനയില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി ബോധ്യപ്പെട്ടു. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്. തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്

ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനകൂടി പൂര്‍ത്തിയാകാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം ഇപ്പോള്‍ത്തന്നെ രണ്ടുമാസം പിന്നിട്ടെന്ന് കോടതി പറഞ്ഞു. തുടരന്വേഷണം നീട്ടാനാവില്ല. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിന് എന്താണ് ഇത്ര പ്രത്യേകത?.ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്രയും സമയമെന്തിനെന്നും ഹൈക്കോടതി ചോദിച്ചു.