സ്വപ്‌നയുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി നല്‍കിയിട്ടില്ല; ശിവശങ്കര്‍ പുസ്തകമെഴുതിയത് അനുമതി വാങ്ങാതെ: മുഖ്യമന്ത്രി

ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ശിവശങ്കറിന് പണം ലഭിച്ചിട്ടുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തിനും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്
പിണറായി വിജയൻ നിയമസഭയിൽ/ ഫയൽ
പിണറായി വിജയൻ നിയമസഭയിൽ/ ഫയൽ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കര്‍ പുസ്തകമെഴുതാന്‍ സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ശിവശങ്കര്‍ ആത്മകഥാപരമായ പുസ്തകം എഴുതുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ചോദിച്ചിരുന്നോ എന്ന് നജീബ് കാന്തപുരം എംഎല്‍എയാണ് ആരാഞ്ഞത്. ഇതിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അനുമതി തേടിയിട്ടില്ലെന്നാണ് മറുപടി. 

നേരത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ ഇതേക്കുറിച്ച് പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് ശിവശങ്കര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. 

സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ശിവശങ്കറിന് പണം ലഭിച്ചിട്ടുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തിനും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. 

ലൈഫ് ഭവനപദ്ധതി ദുബായ് റെഡ്ക്രസന്റ് അവരുടെ സ്രോതസ്സ് വിനിയോഗം ചെയ്ത് സ്വന്തം നിലയിലാണ് നടപ്പാക്കുന്നത്. നിര്‍മ്മാണം പൂര്‍ണമായും റെഡ്ക്രസന്റിന്റെ ചുമതലയിലാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന ഒറ്റവരി മാത്രമാണ് മറുപടിയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com