ഹരിദാസിനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടു; ഒരാഴ്ച മുമ്പ് ആസൂത്രണം നടത്തിയെങ്കിലും പാളി; വാട്‌സ് ആപ്പ് ചാറ്റുകള്‍ കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2022 08:02 AM  |  

Last Updated: 24th February 2022 08:11 AM  |   A+A-   |  

haridas murder

കൊല്ലപ്പെട്ട ഹരിദാസ് / ഫയൽ

 

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടുവെന്ന് പ്രതികളുടെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു വധിക്കാന്‍ ശ്രമിച്ചത്. ഈ മാസം 14 ന് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ നല്‍കിയ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

നാലു പേര്‍ ഗൂഢാലോചന നടത്തിയെന്നും, നാലുപേര്‍ കൃത്യം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന നടത്തിയ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശേരി നഗരസഭ കൗണ്‍സിലറും ബിജെപി മണ്ഡലം പ്രസിഡന്റുമായ ലിജേഷാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ആര്‍എസ്എസിന്റെ ഗണ്ട് കാര്യവാഹക് വിമിന്‍, ശാഖാ മുഖ്യ ശിക്ഷക് അമല്‍ മനോഹരന്‍, മത്സ്യത്തൊഴിലാളിയും മരിച്ച ഹരിദാസിന്റെ സുഹൃത്തുമായ സുനേഷ് എന്നിവരാണ് അറസ്റ്റിലായത്. 

ഇവരുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം ഡിലീറ്റ് ചെയ്തിരുന്നു. പൊലീസ് സംഘം ഇവയെല്ലാം വീണ്ടെടുത്ത് പരിശോധന നടത്തിയപ്പോഴാണ് മുന്‍പും ആക്രമണത്തിന് പദ്ധതിയിട്ട കാര്യം വ്യക്തമായത്. പ്രതി വിമന്റെ വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നാണ് ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചത്. 14 ന് രാത്രി പത്തരയ്ക്കാണ് കൊലപാതക ശ്രമം നടത്തിയത്. ആത്മജന്‍ എന്നയാളാണ് ക്വട്ടേഷന്‍ നടപ്പാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. 

ആത്മജനുമായി അന്ന് പ്രതികള്‍ 9. 55 മുതല്‍ 10.10 വരെ തുടര്‍ച്ചയായി ഓഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഹരിദാസിനെ കണ്ടുകിട്ടാതിരുന്നതിനാലാണ് അന്ന് പദ്ധതി പാളിപ്പോയതെന്നും പൊലീസ് പറയുന്നു. പിന്നീട് മത്സ്യത്തൊഴിലാളിയും ഹരിദാസിന്റെ സുഹൃത്തുമായ ബിജെപി ബൂത്ത് പ്രസിഡന്റ് സുനേഷിനെ ലിജേഷ് സമീപിച്ചു. ഇയാളില്‍ നിന്നാണ് ഹരിദാസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിയത്. 

കൊലപാതകം നടക്കുന്നതിന്റെ തലേന്ന് വൈകീട്ട് നാലുമണിക്ക് സുനേഷിനെ ലിജേഷ് ബന്ധപ്പെട്ടു. ഹരിദാസ് കടലില്‍ പോയിരിക്കുകയാണെന്നും, തിരിച്ചു വരുമ്പോള്‍ അറിയിക്കാമെന്നും സുനേഷ് അറിയിച്ചു. ഇതനുസരിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബൈക്കിലെത്തിയ അക്രമികള്‍ കൊലപാതകം നടത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. 

കേസുമായി ബന്ധപ്പെട്ട് കണ്ണവം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ അന്വേഷണസംഘം രണ്ടു തവണ ചോദ്യം ചെയ്തു. കേസിന്റെ മുഖ്യസൂത്രധാരനായ ലിജേഷിന്റെ അടുത്ത ബന്ധുവായ സുരേഷ് എന്ന പൊലീസുകാരനെയാണ് ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. കൃത്യം നടക്കുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് പൊലീസുകാരനും ലിജേഷും തമ്മില്‍ നാലുമിനുട്ട് സംസാരിച്ചു. പിറ്റേന്ന് രാവിലെയും കോള്‍ വന്നെങ്കിലും പൊലീസുകാരന്‍ അറ്റന്‍ഡ് ചെയ്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. 

സംഭവദിവസം തന്നെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം പൊലീസുകാരനെ ചോദ്യം ചെയ്തു. തന്റെ ബന്ധുവാണെന്നും, അബദ്ധത്തില്‍ മാറി വിളിച്ചതാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നും, താന്‍ അന്ന് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു എന്നും പറഞ്ഞു. സുരേഷ് കോള്‍ ഡീറ്റേല്‍സ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇതും പൊലീസിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.