ബസുകളെ 'കുളിപ്പിച്ച് കുട്ടപ്പനാക്കണം'- ഇല്ലെങ്കിൽ 'പണി' കിട്ടും! നടപടിക്കൊരുങ്ങി കെഎസ്ആർടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 07:16 AM  |  

Last Updated: 03rd January 2022 07:16 AM  |   A+A-   |  

KSRTC buses are not clean

പ്രതീകാത്മക ചിത്രം

 

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വേണ്ടത്ര വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി അധികൃ‌തർ. വൃത്തിക്കുറവുള്ള കെഎസ്ആർടിസി ബസുകളുടെ ചുമതലയുള്ള ഗാരേജുകളിലെ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാരെ കൂടാതെ, ഡ്രൈവർമാരും കണ്ടക്ടർമാരും പരാതികൾ അറിയിച്ചതോടെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.

ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ എന്ന് കെഎസ്ആർടിസി സിഎംഡി.യുടെ ഉത്തരവുണ്ട്. എന്നാൽ, പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. ഗാരേജ് അധികാരികളുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിപ്പോകളിൽ ബസുകൾ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തു നിന്നുള്ളവരാണ്. പലരും മുന്നിലെ ചില്ല് നന്നായി കഴുകിയ ശേഷം ബസാകപ്പാടെ നനച്ച് ജോലി അവസാനിപ്പിക്കും. ഗാരേജ് അധികാരികൾ ഇത് കണ്ടില്ലെന്നും നടിക്കും.

ചെറിയ ഡിപ്പോകളിലും മറ്റും വാഹനങ്ങൾ കുറവായതിനാൽ ഭേദപ്പെട്ട രീതിയിൽ കഴുകാറുണ്ട്. എന്നാൽ, വലിയ ഡിപ്പോകളിൽ ബസുകൾ കൂടുതലായതിനാൽ കഴുകൽ ചടങ്ങിലൊതുങ്ങും. 

ബസിന്റെ പ്ലാറ്റ്‌ഫോം, സീറ്റുകൾ, ജനൽ ഷട്ടർ, ഡ്രൈവറുടെ ക്യാബിൻ, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരിൽ നിന്ന്‌ പരാതി ഉയരാൻ കാരണം. ഇനി മുതൽ ഇത്തരത്തിൽ ഫോട്ടോ, വീഡിയോ അടക്കമുള്ള തെളിവുകൾ സഹിതം പരാതി ലഭിച്ചാൽ ഗാരേജ് അധികാരിക്കെതിരേയും ചുമതലപ്പെട്ട ജീവനക്കാർക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.