

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുകയും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം സ്ഥലവിലക്കൊപ്പം 1.6 ലക്ഷം രൂപയും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഉടമകള്‍ക്കു നല്‍കുക.
വാസ സ്ഥലം നഷ്ടപ്പെടുന്ന അതിദരിദ്രര്‍ക്ക് മൂന്ന് ഓപ്ഷനാണ് പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്- നഷ്ടപരിഹാര തുകയും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും; രണ്ട്്- നഷ്ടപരിഹാര തുകയും അഞ്ച് സെന്റ് ഭൂമിയും നാലു ലക്ഷംരൂപയും; മൂന്ന് - നഷ്ടപരിഹാര തുകയ്ക്കു പുറമേ പത്തു ലക്ഷംരൂപ.
കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ നഷ്ടപരിഹാരമായ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനൊപ്പം 50,000 രൂപ നല്‍കും.വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാവുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. വാസ സ്ഥലം നഷ്ടമാവുന്ന വാടകക്കാര്‍ക്ക് 30,000 രൂപ. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായവര്‍ക്കു നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടമാവുന്നവര്‍ക്ക് കെ റെയില്‍ വാണിജ്യ സമുച്ചയങ്ങളില്‍ കടമുറികളില്‍ മുന്‍ഗണന ലഭിക്കും.
തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴിലുകാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ തുടങ്ങിയവര്‍ക്ക് 50,000 രൂപ പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം ആറായിരം രൂപ വീതം ആറു മാസം, പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെ, പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍ക്കും കച്ചവടം നടത്തുന്നവര്‍ക്കും കെട്ടിട വിലയ്ക്കു പുറമേ അയ്യായിരം രൂപ വീതം ആറു മാസം നല്‍കുമെന്നും പാക്കേജ് പറയുന്നു.
പൗരപ്രമുഖരുടെ യോഗം
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം തുടങ്ങി. ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം. പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്. സില്‍വര്‍ ലൈന്‍ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് പദ്ധതി.
രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗം
പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യം ഒഴിവാക്കി എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കം. അടുത്തയാഴ്ച കൊച്ചിയിലും അതിനടുത്ത ദിവസങ്ങളിലായി മറ്റ് ജില്ലകളിലും യോഗം ചേരും. കെ റെയില്‍ വരേണ്യവര്‍ഗത്തിന്റെ പദ്ധതിയാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിനും മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകും.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടെടുക്കുന്നുവെന്നും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. പൗരപ്രമുഖരുടെ യോഗങ്ങള്‍ക്ക് ശേഷം ഈ മാസം പകുതിയോടെ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗവും ചേരാനാണ് സര്‍ക്കാര്‍ ആലോചന.ജനുവരി 25നാണ് മാധ്യമ മേധാവികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates