ഗ്രാമങ്ങളില്‍ സ്ഥലവിലയുടെ നാലിരട്ടി, നഗരങ്ങളില്‍ രണ്ടിരട്ടി; സില്‍വര്‍ ലൈന്‍ നഷ്ടപരിഹരത്തിന് 13,000 കോടി: മുഖ്യമന്ത്രി

ഓരോ അഞ്ഞൂറു മീറ്ററിലും മുറിച്ചുകടക്കാന്‍ അടിപ്പാതയോ മേല്‍പ്പാതയോ ഉണ്ടാവും
തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു/ടിവി ചിത്രം
തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു/ടിവി ചിത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ പുനരധിവാസ പാക്കേജിനായി 13,000 കോടി രൂപ ചെലവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാര തുകയായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ ആശങ്ക പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ അഞ്ഞൂറു മീറ്ററിലും മുറിച്ചുകടക്കാന്‍ അടിപ്പാതയോ മേല്‍പ്പാതയോ ഉണ്ടാവും. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമല്ല അതിവേഗ റെയില്‍പ്പാത. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുന്നതിനാല്‍ പ്രകൃതിക്കു നേട്ടമാവുകയാണ് ചെയ്യുക. ഇതു പ്രളയത്തിനു കാരണമാവും എന്നതെല്ലാം അടിസ്ഥാനമില്ലാത്ത പ്രചാരണമാണ്. നിലവിലെ റെയില്‍വേ ലൈന്‍ വികസിപ്പിച്ചാല്‍ സില്‍വര്‍ ലൈനിനു പകരമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സില്‍വര്‍ ലൈന്‍ പുനരധിവാസ പാക്കേജ്

സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുകയും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം സ്ഥലവിലക്കൊപ്പം 1.6 ലക്ഷം രൂപയും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഉടമകള്‍ക്കു നല്‍കുക.

വാസ സ്ഥലം നഷ്ടപ്പെടുന്ന അതിദരിദ്രര്‍ക്ക് മൂന്ന് ഓപ്ഷനാണ് പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്- നഷ്ടപരിഹാര തുകയും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും; രണ്ട്്-  നഷ്ടപരിഹാര തുകയും അഞ്ച് സെന്റ് ഭൂമിയും നാലു ലക്ഷംരൂപയും; മൂന്ന് - നഷ്ടപരിഹാര തുകയ്ക്കു പുറമേ പത്തു ലക്ഷംരൂപ. 

കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ നഷ്ടപരിഹാരമായ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനൊപ്പം 50,000 രൂപ നല്‍കും.വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാവുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. വാസ സ്ഥലം നഷ്ടമാവുന്ന വാടകക്കാര്‍ക്ക് 30,000 രൂപ. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായവര്‍ക്കു നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടമാവുന്നവര്‍ക്ക് കെ റെയില്‍ വാണിജ്യ സമുച്ചയങ്ങളില്‍ കടമുറികളില്‍ മുന്‍ഗണന ലഭിക്കും.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴിലുകാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ തുടങ്ങിയവര്‍ക്ക് 50,000 രൂപ പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം ആറായിരം രൂപ വീതം ആറു മാസം, പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെ, പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍ക്കും കച്ചവടം നടത്തുന്നവര്‍ക്കും കെട്ടിട വിലയ്ക്കു പുറമേ അയ്യായിരം രൂപ വീതം ആറു മാസം നല്‍കുമെന്നും പാക്കേജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com