'കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പ്പില്ല;കല്ലു പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാകില്ല': കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 11:05 AM  |  

Last Updated: 05th January 2022 11:05 AM  |   A+A-   |  

kodiyeri balakrishnan

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം


കണ്ണൂര്‍: കെ റെയിലിനായി സ്ഥാപിച്ച സര്‍വെ കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചിലാണെന്നും യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണ്. ഇത്തരത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഒരു സര്‍വേക്കല്ലെടുത്ത് മാറ്റിയത് കൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് ആരോടും പ്രതിബദ്ധതയില്ല. കെ റെയിലിനായി മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും. പിണറായിയുടെ കണ്ണ് കമ്മീഷന്‍ ലക്ഷ്യമിട്ടാണ്. ഇതിലൂടെ 5 ശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യം. ലാവ്ലിന്‍ നേട്ടമോര്‍ത്താണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം അണികള്‍ പോലും കെ റെയിലിനെ എതിര്‍ക്കും. കാലഹരണപ്പെട്ട പദ്ധതിയാണിതെന്നും സുധാകരന്‍ പറഞ്ഞു