മഹാരാജാസ് കോളജിലും എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 03:36 PM  |  

Last Updated: 10th January 2022 03:36 PM  |   A+A-   |  

maharajas

മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ നിന്ന്/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.  

കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കെഎസ്യു പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തു നടന്നത്. കുത്തേറ്റ മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ ആശുപത്രിയിലാണ്.

മരണകാരണം നെഞ്ചിലേറ്റ കുത്ത്

ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്സംഘമെന്ന് എസ്എഫ്ഐ ആരോപിച്ചു. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.

ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ്കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.