ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 04:36 PM  |  

Last Updated: 11th January 2022 04:43 PM  |   A+A-   |  

DILEEP

കേസിലെ പ്രതിയായ നടന്‍ ദിലീപ് / ഫയല്‍ ചിത്രം

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

ഗൂഢാലോചന കേസിനു പിന്നില്‍ ദുരുദ്ദേശ്യമാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി വെള്ളിയാഴ്ച വരെ അറസ്റ്റ് നടപടികളിലേക്കു കടക്കരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കി.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അനൂപും സൂരജും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

വധിക്കാന്‍ ഗൂഢാലോചന

കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് െ്രെകംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ് എടുത്തത്.