കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സിപിഎമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500 ലേറെ പേര്‍; കാഴ്ചക്കാരായി എംഎ ബേബി അടക്കമുള്ള നേതാക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 08:36 AM  |  

Last Updated: 12th January 2022 08:47 AM  |   A+A-   |  

thiruvathira

മെഗാ തിരുവാതിര

 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ, അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടത്തിയ സിപിഎം നടപടി വിവാദത്തില്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി കെ ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ തിരുവാതിര കാണാനെത്തിയിരുന്നു. 

ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍ 502 പേരാണ് പങ്കെടുത്തത്. പരിപാടി കാണാനും 500 ലേറെ പേരെത്തി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര കളി. 

എംഎ ബേബി, ആനാവൂർ നാ​ഗപ്പൻ തുടങ്ങിയവർ തിരുവാതിര കളി കാണുന്നു

പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്റെ പ്രമേയം. സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങുകയായിരുന്നു എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.  വിവാഹ, മരണ ചടങ്ങുകളിൽ 50 പേർ മാത്രവും, പൊതുപരിപാടികളിൽ 150 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോ​ഗം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.