സിപിഎമ്മിന്റെ മെ​ഗാ തിരുവാതിര: പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി; 550 പേർക്കെതിരെ കേസ്

എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി
സിപിഎം മെഗാതിരുവാതിരയില്‍ നിന്ന്‌
സിപിഎം മെഗാതിരുവാതിരയില്‍ നിന്ന്‌

തിരുവനന്തപുരം: ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെ​ഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം പൊതുപരിപാടിയിൽ 150 പേരിൽ കൂടാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. ഈ നിയന്ത്രണം നിലനിൽക്കെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി. 

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അം​ഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. 500 ലേറെ പേർ പരിപാടി കാണാനും എത്തിയിരുന്നു. സിപിഎമ്മിന്റെ പരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. 

കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് സിപിഎം മെഗാ തിരുവാതിര നടത്തിയത്.  ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com