കേരളം കടുത്ത നിയന്ത്രണത്തിലേക്ക്?; അവലോകനയോഗം മറ്റന്നാള്‍; എറണാകുളത്ത് 22ഉം തൃശൂരില്‍ 13 ഉം ക്ലസ്റ്ററുകള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 ഡോക്ടര്‍മാര്‍ക്ക് രോഗബാധ

പൊലീസ്, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളിലും വൈറസ് വ്യാപനം പ്രതിസന്ധിയായി മാറിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാർക്കും രോ​ഗബാധ കണ്ടെത്തിയിട്ടുണ്ട്.  ഇതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഡെന്റല്‍, ഇഎന്‍ടി ഒപികള്‍ അടച്ചു. ആശുപത്രിയിൽ ആരോ​ഗ്യപ്രവർത്തകരുടെ ക്ഷാമം രൂക്ഷമായിട്ടുണ്ട്. 

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മസി കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫാര്‍മസി കോളജ് അടച്ചിരിക്കുകയാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര സുരക്ഷാസംഘത്തിലെ 24 പൊലീസുകാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 

പിടിവിട്ട് എറണാകുളവും തൃശൂരും

എറണാകുളത്ത് 22 കോവിഡ് ക്ലസ്റ്ററുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അഞ്ച് സിഎഫ്എല്‍ടിസികള്‍ അടിയന്തരമായി തുറക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. തൃശൂരില്‍ 13 കോവിഡ് ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഇന്നുതന്നെ ജില്ലയില്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാപനം രൂക്ഷം, സെക്രട്ടേറിയറ്റ് പ്രവർത്തനം പ്രതിസന്ധിയിൽ

സെക്രട്ടേറിയറ്റിലും കോവിഡ് വ്യാപനം രൂക്ഷമായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കം നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. വനം, ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ ഓഫീസുകളിലും രോഗവ്യാപനം രൂക്ഷമാണ്.

പൊലീസിലും, കെഎസ്ആർടിസിയിലും രോ​ഗവ്യാപനം രൂക്ഷം

പൊലീസ്, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളിലും വൈറസ് 
വ്യാപനം പ്രതിസന്ധിയായി മാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 80 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്.

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 300ലധികം കെഎസ്ആർടിസി സര്‍വീസുകള്‍ റദ്ദാക്കി. ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, ദൈനംദിന സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി.

സംസ്ഥാനത്തൊട്ടാകെ രണ്ടാഴ്ചക്കിടെ അറുന്നൂറിലേറെ പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടിക്ക്  പോയ ഒട്ടുമിക്ക പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. രോ​ഗവ്യാപനം ചെറുക്കാൻ കടുത്ത നടപടി വേണമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ നിലപാട്. പത്തുദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

മുഖ്യമന്ത്രി ഓൺലൈനായി സംബന്ധിക്കും

സംസ്ഥാനത്തെ പുതിയ സാഹചര്യത്തിൽ, സ്ഥിതി​ഗതികൾ വിലയിരുത്താൻ കോവിഡ് അവലോകനയോ​ഗം മറ്റന്നാൾ ( വ്യാഴാഴ്ച) തേരും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി യോ​ഗത്തിൽ സംബന്ധിക്കും. ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com