സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ല, കോടതി പറയട്ടെ: സുപ്രീം കോടതി

വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപ്
ദിലീപ് /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസ് എഎന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ ദിലീപ് എതിര്‍ത്തു. വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ സമയം നീട്ടണമെങ്കില്‍ വിചാരണക്കോടതി ജഡ്ജി തീരുമാനിക്കട്ടെയെന്നും റോത്തഗി വാദിച്ചു.

202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം പെട്ടെന്നു സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് റോത്തഗി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അദ്ദേഹത്തെ വിസ്തരിക്കട്ടെന്ന് റോത്തഗി പറഞ്ഞു. 

വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ലെന്നും ജഡ്ജി ആവശ്യപ്പെട്ടാല്‍ തീരുമാനിക്കാമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പ്രതികരിച്ചു. 

വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. ഇനി തുടരന്വേഷണം ആവശ്യമില്ല. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണ്. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com