ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യഹര്‍ജി ഹൈക്കോടതി പരി​ഗണിക്കും; ഫോണുകള്‍ നല്‍കാതെ പ്രതികള്‍; അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ 

കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിന്നാലെയാണ് ദിലീപിന്‍റെ രണ്ട് ഫോൺ അടക്കം 5 ഫോണുകൾ പ്രതികൾ ഒരുമിച്ച് മാറ്റുന്നത്
ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായകം. ദിലീപ് അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ നല്‍കും. 

ദിലീപ് അടക്കം കേസിലെ അഞ്ചുപ്രതികളെ തുടര്‍ച്ചയായ മൂന്നുദിവസം ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും, പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളും അടക്കം വിശദമായ റിപ്പോര്‍ട്ടാകും മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പുറപ്പെടുവിക്കുക. 

മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികള്‍ പഴയ ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചെന്ന് ദിലീപ്  

നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് കൈമാറില്ലെന്നുമാണ് ദിലീപ്  അന്വേഷണസംഘത്തെ അറിയിച്ചത്. ഫോണുകൾ കേസുമായി ബന്ധമുള്ളതല്ലെന്നും ഹാജരാക്കാനാവില്ലെന്നുമാണ് അറിയിച്ചത്. ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറയുന്നു. 

ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം ലഭിക്കും. ഈ ഫലം താൻ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ  നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും ദിലീപ് ആരോപിക്കുന്നു. 

കേസെടുത്തതിന് പിന്നാലെ പ്രതികളെല്ലാം ഫോണുകൾ ഒരുമിച്ച് മാറ്റി

ഡിസംബർ 9 ന് കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിന്നാലെയാണ് ദിലീപിന്‍റെ രണ്ട് ഫോൺ അടക്കം 5 ഫോണുകൾ പ്രതികൾ ഒരുമിച്ച് മാറ്റുന്നത്. പഴയ  സിം കാർഡുകൾ ഇട്ട  പുതിയ ഫോണിലായിരുന്നു പിന്നീട് പ്രതികളെല്ലാം  ഉപയോഗിച്ചത്. ദിലീപിന്‍റെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്.  

എന്നാൽ  കേസ് എടുത്തതിന് പിറകെ പ്രതികളെല്ലാവരും ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഡാലോചനയിലെ നിർണ്ണായക തെളിവുകൾ നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികളുടെ പേഴ്സണൽ  ഫോൺ ലഭിച്ചിരുന്നെങ്കിൽ വാട്സ് ആപ് ചാറ്റുകൾ അടക്കം വീണ്ടെടുക്കാനാകും. നടി കേസിലെ സാക്ഷികളെ സ്വാധീനിച്ചതും, ഗൂഡാലോചനയിലെ നിർണ്ണായക തെളിവുകളും ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com