നടിയെ ആക്രമിച്ച കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍; ബൈജു പൗലോസിന്റെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് ദിലീപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2022 07:56 AM  |  

Last Updated: 28th January 2022 07:56 AM  |   A+A-   |  

dileep

ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. വിസ്താര നടപടികള്‍ ദീര്‍ഘിപ്പിക്കാന്‍ വിചാരണ കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. 

ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിരുന്നു

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയിരുന്നു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തുടരന്വേഷണത്തിന്റെ ഭാഗമായി ദീലീപിന്റെ അടക്കം വീടുകളില്‍ റെയ്ഡ് നടത്തി ഫോണുകള്‍ അടക്കം നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

ഇവ വിശദ പരിശോധനക്കായി ഫോറന്‍സിക് സംഘത്തിന് കൈമാറിയിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേസില്‍ ദിലീപ് അടക്കം അഞ്ചു പ്രതികളെ മൂന്നു ദിവസമായി 33 മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകളും അന്വേഷണസംഘം കോടതിക്ക് കൈമാറിയേക്കും. 

ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയില്‍ സൈബര്‍ പരിശോധന നടത്തി ഫലം കോടതിയ്ക്ക് കൈമാറാമെന്നും ദിലീപ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു. 

ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്ന് ദിലീപ്

അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കലുള്ള ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും. ബൈജു പൗലോസും ബാലചന്ദ്രകുമാറും നടത്തിയ ആശയവിനിമയം പരിശോധിക്കണം. സംവിധായകന്‍ വ്യാസന്‍ എടവനക്കാട്, അഡ്വ. സജിത്ത് എന്നിവരുമായി ബാലചന്ദ്രകുമാര്‍ നടത്തിയ ആശയവിനിമയവും പരിശോധിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.