എകെജി സെന്ററിന് നേര്‍ക്ക് ബോംബേറ്; അക്രമി എത്തിയത് സ്‌കൂട്ടറില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 06:48 AM  |  

Last Updated: 01st July 2022 09:51 AM  |   A+A-   |  

akg_centre_attack

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്ക് ബോംബെറിഞ്ഞു. രാത്രി 11.30 ഓടെയാണ് സംഭവം. എകെജി സെന്ററിന്റെ പിന്‍ഭാഗത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്. ഇരുചക്രവാഹനത്തിലെത്തിയവരാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളുമുണ്ട്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. 

വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം രാത്രി തന്നെ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

എകെജി സെന്ററിന്റെ മുഖ്യകവാടത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് ഉണ്ടായിരുന്നില്ല. സ്ഫോടന ശബ്ദം കേട്ടാണ് പൊലീസുകാർ ഓടിയെത്തിയത്. ഈ സമയം ഇ പി ജയരാജനും പി കെ ശ്രീമതിയും ഓഫീസിന് അകത്തുണ്ടായിരുന്നു. സംഭവമറിഞ്ഞ് സിപിഎം പി ബി അം​ഗങ്ങളായ എംഎ ബേബി, എ വിജയരാഘവൻ, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, വീണാ ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. 

ഈ വാർത്ത കൂടി വായിക്കാം 

ബസിന് മുന്നില്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലതുവശത്തേയ്ക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സ്‌കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും 11,000 രൂപ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ