തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണത്തില്‍ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥയ്ക്ക് പിന്നില്‍ ഇപി ജയരാജനാണ്. സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ഇ പി ജയരാജനാണ് ഉറപ്പിച്ചു പറയുന്നത്. കണ്ടതുപോലെയാണ് ജയരാജന്‍ പറയുന്നത്. എകെജി സെന്ററിന് എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. ഈ ക്യാമറകളിലൊന്നും പെടാതെ ഒരാള്‍ ആക്രമണം നടത്തണമെങ്കില്‍, ആ എകെജി സെന്ററുമായി പരിചയമുള്ള ആള്‍ക്കേ സാധിക്കൂ. അല്ലാത്ത ഒരാള്‍ക്ക് ക്യാമറയില്‍ പെടാതെ ആക്രമണം നടത്തി തിരിച്ചുപോകാന്‍ സാധിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.
സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി, അതിന്റെ ദേശീയ നേതാവ് കേരളത്തില്‍ വരുന്ന ദിവസം അതിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന തരത്തില്‍ ഇത്തരമൊരു ആക്രമണം നടത്തുമോ?. അങ്ങനെ നടത്തുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവരാണ് മണ്ടന്മാര്‍. രാഷ്ട്രീയത്തില്‍ അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന് ആലോചിക്കുന്നവര്‍ക്ക് അറിയാവുന്നതാണ്. രാഹുലിന്റെ സന്ദര്‍ശനത്തിന്‍ പ്രാധാന്യം കുറയ്ക്കുകയാണ് ഇത്തരമൊരു ആക്രമണത്തിന്റെ ലക്ഷ്യം.
ആക്രമണം നടത്തിയ ആരുടെയങ്കിലും ഫോട്ടോ കണ്ടിട്ടുണ്ടോ?. ആരെയെങ്കിലും തിരിച്ചറിഞ്ഞോ?. ഇതെല്ലാം ഉറപ്പിച്ചു പറയാന്‍ ഇതിന്റെയെല്ലാം നായകനും നേതൃത്വവും ഇപി ജയരാജനാണ്. വിമാനത്തിലെ തിരക്കഥയും കഥയും അദ്ദേഹത്തിന്റേതാണ്. എകെജി സെന്റര്‍ ആക്രമണത്തിന്റെ തിരക്കഥയും ഇപി ജയരാജന്റേതാണ്. ഇത് കോണ്‍ഗ്രസിന്റെ പുറത്ത് കെട്ടിവെക്കാനാണ് ശ്രമം നടത്തുന്നത്. രാഹുലിന്റെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇപി ജയരാജന്‍ നടത്തിയ രാഷ്ട്രീയ അടവാണ് അക്രമമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates