'കെ സുധാകരന്റെയും വിഡി സതീശന്റെയും നിലവാരമല്ല വേണ്ടത്; രാഹുല്‍ ഗാന്ധി ഉത്തരവാദിത്തത്തോടെ സംസാരിക്കണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 07:48 PM  |  

Last Updated: 03rd July 2022 07:48 PM  |   A+A-   |  

rahul gandhi

രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കെ സുധാകരന്റെയും വി ഡി സതീശന്റെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തിലല്ല രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ബിജെപിയുമായി കൈകോര്‍ക്കുന്നെന്ന  രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് എംഎബേബിയുടെ പ്രസ്താവന. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് എംഎ ബേബിയുടെ പരാമര്‍ശം.

കുറിപ്പിന്റെ പൂര്‍ണരൂപം:

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയ രാഹുല്‍ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം. സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുല്‍ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ.അതില്‍നിന്ന് അനേകം നേതാക്കളും പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം. നേതാവായ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുല്‍ ഗാന്ധി സംസാരിക്കാന്‍. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായ രാഹുല്‍ ഗാന്ധി വിഭാവനം ചെയ്യുന്നത്?

കെ സുധാകരന്റെയും വിഡി സതീശന്റെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തില്‍ അല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടത്. രാഹുല്‍ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആര്‍എസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോണ്‍ഗ്രസിന് തല്‍ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആര്‍എസ്എസ് പറയുമ്പോള്‍ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാന്‍ഡിന്റെ അവസാന വാക്കായ രാഹുല്‍ഗാന്ധി പറയുന്നത്. (ഔപചാരികപദവി എഐസിസി അധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാ ഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൗകര്യപൂര്‍വം മറക്കാം.)

ടീസ്റ്റ സെതല്‍വാദിനെയും ആര്‍ബി ശ്രീകുമാറിനെയും അറസ്റ്റു ചെയ്യുമ്പോള്‍ ഹൈക്കമാന്‍ഡ് ഗാന്ധി മണ്ണില്‍ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നു. ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്‌റാം രമേഷിനെക്കൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കിച്ചത്! ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിന്റെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആര്‍എസ്എസിന് ഫലപ്രദമായ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്. ആര്‍എസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്ര ബദല്‍ മുന്നോു വയ്ക്കുന്നത് ഇന്ത്യന്‍ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആര്‍എസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതും.

ഈ വാർത്ത കൂടി വായിക്കാം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ