'ബോംബിനെ കുറിച്ച് നിങ്ങളുടെ നേതാവിനോട് ചോദിക്കുന്നതാണ് നല്ലത്'. എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പിണറായി

ഏതെങ്കിലും ഒരാളെ പിടിക്കുകയല്ല ലക്ഷ്യം. കൃത്യമായി കുറ്റവാളികളിലേക്ക് എത്തുമെന്നും നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞുകൊണ്ട് പിണറായി വ്യക്തമാക്കി
മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കുന്നു/ സഭ ടിവി
മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കുന്നു/ സഭ ടിവി


തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായാകാത്തത് ആശ്ചര്യമുണ്ടാക്കി. ഈ മാനസികാവസ്ഥ നേതാക്കന്‍മാര്‍ക്ക് എങ്ങനെയുണ്ടായെന്ന് ആലോചിക്കാവുന്നതാണ്. സിസി ടിവി പരിശോധനയില്‍ ഒരു മെല്ലെപ്പോക്കുമില്ല.  പ്രതികളെ പിടികൂടുമെന്നതില്‍ സംശയമില്ല. ഏതെങ്കിലും ഒരാളെ പിടിക്കുകയല്ല ലക്ഷ്യം. കൃത്യമായി കുറ്റവാളികളിലേക്ക് എത്തുമെന്നും നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞുകൊണ്ട് പിണറായി വ്യക്തമാക്കി. അടിയന്തരപ്രമേയം സഭ തള്ളി. 

രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുക എന്ന സമീപനം ഞങ്ങള്‍ക്കില്ല. പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് പറയാനാവില്ല.  കൃത്യമായി പൊലീസ് ഇല്ലാത്ത സ്ഥലം നോക്കിയ ശേഷമായിരുന്നു ആക്രമണം. ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുവെന്ന് പിണറായി പറഞ്ഞു.

ഇപി ജയരാജന്‍ ആക്രമണത്തിന്റെ ആസൂത്രകന്‍ എന്നുവരുത്തിതീര്‍ക്കാനാണ്  കെപിസിസി പ്രസിഡന്റ് ശ്രമിച്ചത്. ജയരാജന്‍ പെട്ടന്ന് അവിടെ എത്താനുണ്ടായ സാഹചര്യം അതിന് തൊട്ടടുത്ത് താമസിക്കുന്നതുകൊണ്ടാണ്. ശ്രീമതി ടീച്ചര്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. അതുകൊണ്ടാണ് വലിയ ശബ്ദം കേട്ടെന്ന് പറഞ്ഞത്. 

ബോംബിന്റെ രീതികളെ കുറിച്ച് തന്നോട് ചോദിക്കുന്നതിനെക്കാള്‍ നല്ലത് നിങ്ങളുടെ തന്നെ നേതാവിനോട് ചോദിക്കുന്നതാണ്. പണ്ട് ഇന്ത്യാടുഡെ ഒരു ലേഖനം  പ്രസിദ്ധീകരിച്ചത് ഓര്‍മ്മയില്ലേ?. അന്നത്തെ ഡിസിസി പ്രസിഡന്റ് ആരെന്ന് ഓര്‍ത്താല്‍ മതി. ലേഖകന് ബോംബുകളെ കുറിച്ച് പറഞ്ഞുകൊടുത്തത് ഡിസിസി ഓഫീസില്‍ വച്ചായിരുന്നു. അത് മൂന്ന് തരം ബോംബുകളെ കുറിച്ചുള്ള വിശദീകരണമായിരുന്നു. ഇതെല്ലാം ഉത്തരവാദിത്വത്തോടെ അച്ചടിച്ചുവന്നതുമാണെന്നും പിണറായി പറഞ്ഞു

എസ്ഡിപിഐ നേതാക്കളെ എകെജി സെന്ററിലേക്ക് പ്രവേശിപ്പിച്ചില്ല. ആര്‍ക്കും കടന്നുവരാവുന്ന സ്ഥലമാണ് എകെജി സെന്റര്‍. എന്നാല്‍ എസ്ഡിപിഐക്കാര്‍ക്ക് അങ്ങോട്ടുപ്രേവശനമില്ല. ഇവരുമായി ഒരു കൂട്ടുകെട്ട് പാര്‍ട്ടി ആഗ്രഹിക്കാത്തതുകൊണ്ടാണ് അവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിപ്പിച്ചതില്‍ എന്തോ ഗൂഢലക്ഷ്യമുണ്ട്.

നിങ്ങള്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ നാടാകെ അത് ഏറ്റെടുക്കുമെന്ന് കരുതരുത്. സുപരീക്ഷിത ജീവിതമാണ് ഞങ്ങളുടെത്. എതെങ്കിലും ചിലര്‍ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ അത് ഇടിഞ്ഞുപോകില്ല. അതുകൊണ്ടാണ് ശാന്തമായി നില്‍ക്കുന്നത്. ഒരുതരത്തിലുമുള്ള ഉള്‍ക്കിടിലമില്ലാതെ അത് നേരിടാന്‍ കഴിയുന്നത്. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. തനിക്ക് ഒരു ഉപദേശമേ നല്‍കാനുള്ളു. നമ്മളെല്ലാം പൊതുപ്രവര്‍ത്തകരാണ്. ജീവിതത്തില്‍ ശുദ്ധി  പുലര്‍ത്താന്‍ ശ്രമിക്കുക. തത്കാലം ഉണ്ടാകാന്‍ ഇടയുള്ള ലാഭം കണ്ട് തെറ്റായ കാര്യത്തിലേക്ക്  പോകാതിരിക്കുക. പിന്നീട് ദു|ഃഖിക്കേണ്ടി വരില്ല. ബാക്കി രാഷ്ട്രീയം. നിങ്ങള്‍ നിങ്ങളുടെ വഴി നോക്കുക. ഞങ്ങള്‍ ഞങ്ങളുടെ വഴി നോക്കും

എകെജി സെന്റര്‍ ആക്രമണത്തെ കുറിച്ച് കോണ്‍ഗ്രസ് പോലും പറയാത്ത കാര്യമാണ് കെപിഎ മജീദ് പറഞ്ഞത്. അത് അത്രത്തോളം വേണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നതെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com