സജി ചെറിയാന്റേത് നാക്കുപിഴ; രാജിവയ്‌ക്കേണ്ടതില്ലെന്ന് എംഎ ബേബി

ഭരണഘടനയ്ക്ക് എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി തന്നെ വിശദീകരിച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കാമെന്ന്‌ ബേബി
എംഎ ബേബി
എംഎ ബേബി

ന്യൂഡല്‍ഹി:  ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപിഴയാണ്. അക്കാര്യം സജി ചെറിയാന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനയ്ക്ക് എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി തന്നെ വിശദീകരിച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കാമെന്നും ബേബി പറഞ്ഞു. ഭരണഘടനയ്ക്ക് ചില അപര്യാപ്തതകള്‍ ഉണ്ടാവാം. അത് അത് എഴുതിയവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള വകുപ്പ് കൂട്ടിച്ചേര്‍ത്തതെന്ന് എംഎ ബേബി പറഞ്ഞു.

ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്‍

ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം. 

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' -സജി ചെറിയാന്‍ പറഞ്ഞു.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റുമെന്നും സജി ചെറിയാന്‍ ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com