ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും; സം​ഗീതയുടെ മരണത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

സം​ഗീതയുടെ മരണത്തിൽ ഭർത്താവ് സുമേഷ്, ഭർതൃമാതാവ് രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്
ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും; സം​ഗീതയുടെ മരണത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

കൊച്ചി; യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. ദളിത് പെൺകുട്ടിയായ സം​ഗീതയുടെ മരണത്തിൽ ഭർത്താവ് സുമേഷ്, ഭർതൃമാതാവ് രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. രമണിയെയു൦ മനീഷയെയു൦  കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.  ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം.  തൃശൂർ കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ വെച്ച് കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു. ലയ സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്‍റെ വീട്ടുകാർ തയ്യാറായിരുന്നില്ല. പിന്നീട്, സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്‍റെ പേരിൽ സമ്മർദ്ദം തുടർന്നു. സ്ത്രീധനം തന്നില്ലെങ്കിൽ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്‍റെ ഭീഷണി. ഇതിനിടയിൽ സംഗീത ഗർഭിണിയായി. എന്നാൽ ഗർഭാവസ്ഥയിൽ അഞ്ചാം മാസത്തിൽ കുഞ്ഞ് മരിച്ചതിനു ശേഷവും അധിക്ഷേപം തുടർന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com