ഇടിച്ച വാഹനം നിർത്താതെ പോയി, രക്തം വാർന്ന് രണ്ടര മണിക്കൂർ റോഡിൽ; യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 07:45 AM  |  

Last Updated: 14th July 2022 07:45 AM  |   A+A-   |  

ACCIDENT_death

പ്രവീൺ രാജ്

 

കൊല്ലം; അപകടത്തിൽ പരുക്കേറ്റ് മണിക്കൂറുകളോളം റോഡിൽ കിടന്ന യുവാവ് മരിച്ചു. പനയം ചോനം ചിറ പ്രവീൺ നിവാസിൽ പുഷ്പരാജന്റെ മകൻ പ്രവീൺ രാജ് (34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു വരികയായിരുന്ന പ്രവീണിനെ ഒരു വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്ന പ്രവീണിനെ പിന്നീട് അതുവഴി പോയ വാഹനത്തിലെ യാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൊല്ലം – തേനി ദേശീയ പാതയിൽ കുഴിയത്ത് ജംക്‌ഷനു സമീപം കഴിഞ്ഞദിവസം  രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവീൺ രാജ് ജോലി കഴിഞ്ഞ് കുഴിയം ഭാഗത്തു നിന്നു പനയത്തേക്കു നടന്നു വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്നു വാഹനം നിർത്താതെ പോയി. രക്തം വാർന്നു റോഡരികിൽ കിടന്ന പ്രവീൺ രാജിനെ ഒരു മണിയോടു കൂടി അതു വഴിയെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല. 

പ്രവീണും കുടുംബവും പണയിൽ ഗവ.ഹൈസ്കൂളിനു സമീപത്തെ വാടക വീട്ടിലാണ് താമസം. അവിവാഹിതനാണ്. അപകടം നടന്നത് ദേശീയപാതയിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയ്ക്കു മുന്നിലാണെങ്കിലും ക്യാമറ പ്രവർത്തനരഹിതമായിരുന്നതിനാൽ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. കുണ്ടറ പൊലീസ് റോഡ് വശങ്ങളിലെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തുടരന്വേഷണം നാളെ അവസാനിക്കും; കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ, ഇന്ന് പരി​ഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ