'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്‍': ഷാഫി പറമ്പില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 07:37 PM  |  

Last Updated: 17th July 2022 07:37 PM  |   A+A-   |  

SHAFI

ഫയല്‍ ചിത്രം


പാലക്കാട്: ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കാനം ഘടകകക്ഷി നേതാവായിട്ടല്ല, പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

'പിണറായി സിപിഐയില്‍ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് എം എം മണി ആനി രാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്. കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവാനോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും.'- ഷാഫി കുറിച്ചു. 

വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ് ആനി രാജ രംഗത്തുവന്നിരുന്നു.   മണിയുടെ പ്രസ്താവനയ്‌ക്കെതിരെ നിലപാട് സിപിഐ എടുത്തിട്ടുണ്ട്. സിപിഐക്ക് വേണ്ടി കെസി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ട. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ആനിരാജ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസ്താവനയില്‍ പറയേണ്ടത് ഞങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി പ്രതികരിച്ചാല്‍ അത് എന്റെ മാത്രമായി ചുരുക്കിക്കാണുന്നത് എന്തിനാണ്. അത് ഒരുദേശീയ സംഘടനയുടെ പ്രതികരണമാണ്. ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. താന്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരും പറഞ്ഞാലേ പ്രതികരണമാകൂ എന്നുണ്ടോ?. ആനിരാജ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു പ്രസ്താവന പാടില്ലായിരുന്നു. തുറന്ന ചര്‍ച്ചയിലുടെയും സംവാദത്തിലുടെയും മാത്രമെ ലിംഗസമത്വത്തെ പറ്റി പറയാനാവൂ എന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 'വി ഡി സതീശനെയും സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി'; പ്രതിപക്ഷ നേതാവ് രാജി വയ്ക്കണം, എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ