'വി ഡി സതീശനെയും സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി'; പ്രതിപക്ഷ നേതാവ് രാജി വയ്ക്കണം, എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 04:29 PM  |  

Last Updated: 17th July 2022 04:29 PM  |   A+A-   |  

aiyf_march_1

എഐവൈഎഫ് മാര്‍ച്ചില്‍ നിന്ന്


കൊച്ചി: പ്രതിപക്ഷ  നേതാവ് വി ഡി സതീശന്‍ വര്‍ഗീയ ശക്തികളോട് കൂട്ടുകൂടുന്നു എന്നാരോപിച്ച് പറവൂരിലെ എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച്. കേരളത്തില്‍ വി ഡി സതീശനെയും വി ഡി സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പറഞ്ഞു. ആര്‍ വി ബാബുവിന്റെ ആരോപണങ്ങള്‍ക്ക് എതിരെ എന്ത് കൊണ്ട് സതീശന്‍ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് വേദി പങ്കിട്ടെന്നുള്ള ആര്‍എസ്എസ് നേതാവ് ആര്‍ വി ബാബുവിന്റെ വെളിപ്പെടത്തലുകള്‍ മതേതര കേരളം ഞെട്ടലോടെയാണ് കേട്ടത്. ആര്‍എസ്എസിന്റെ നിരവധി പരിപാടികളില്‍ വിഡി സതീശന്‍ പങ്കെടുത്തിട്ടുണ്ടന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആരോപണം ഉന്നയിച്ച് ഇത്ര ദിവസം പിന്നിടുമ്പോഴും ആരോപണ ഉന്നയിച്ചവര്‍ക്ക് എതിരെ ഒരു മാനനഷ്ടകേസ് കൊടുക്കാന്‍ പോലും വിഡി സതീശന്‍ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയായതുകൊണ്ടാണെന്ന്് ജിസ്‌മോന്‍ ആരോപിച്ചു.  

മതേതരത്വം പറഞ്ഞ് വോട്ട് പിടിച്ച വിഡി സതീശന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കേരള ജനതയെ വഞ്ചിച്ചിരിക്കയാണ്. ആര്‍എസ്എസിനോടുള്ള അമിത വിധേയത്വംമൂലം വിഡി സവര്‍ക്കറെയും വിഡി സതീശനേയും നിലപാടുകള്‍ കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ കേരള ജനത എത്തിയിരിക്കുകയാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും റിക്യൂട്ടിങ്ങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണന്നും അതിന്റെ സിഇഒയുടെ ജോലിയാണ് വിഡി സതീശന്‍ ചെയ്യുന്നതെന്നും ജിസ്‌മോന്‍ ആരോപിച്ചു. 

രമേശ് ചെന്നിത്തലയോട് ഈ വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനോട് തന്നെ ചോദിക്കാന്‍ പറഞ്ഞത് ആര്‍എസ്എസ് ബന്ധമുണ്ടെന്ന ബോധ്യം ഉള്ളതിനാലാണ്. ധാര്‍മ്മികമായ എന്തെങ്കിലും മൂല്യങ്ങള്‍ വിഡി സതീശനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ച് മതേതര കേരളത്തോട് മാപ്പ് പറയണമെന്നും ജിസ്‌മോന്‍ ആവശ്യപ്പെട്ടു.
 

ഈ വാർത്ത കൂടി വായിക്കാം എംഎം മണിയ്‌ക്കെതിരെ ബിനോയ് പറഞ്ഞില്ലേ?; ഞങ്ങളൊന്നും പ്രതികരിച്ചാല്‍ പ്രതികരണങ്ങളാകില്ലേ?; ആനി രാജ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ