ഇഡിക്കെതിരെ സതീശന്‍, നിലപാടു മാറ്റത്തില്‍ നന്ദിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക് സിബിഐയെ ഭയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു
പിണറായി വിജയൻ നിയമസഭയിൽ
പിണറായി വിജയൻ നിയമസഭയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ഇന്നലെ വരെ ഇഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡിയുടെ ലക്ഷ്യം തുറന്നുപറഞ്ഞതിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷം സബ്മിഷനായി സഭയില്‍  ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കള്ളപ്പണ ഇടപാടു കേസില്‍ എഐസിസി പ്രസിഡന്റിനെ വരെ ഇ ഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മുന്‍നിലപാടില്‍ നിന്നും മാറുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവര്‍ക്ക് ഇഷ്ടമുള്ളവരെ ചേര്‍ത്തുപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുകയുണ്ടായി. ഈ നിലപാടുമാറ്റത്തില്‍ സന്തോഷമുണ്ട്. 

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞിട്ടില്ല. സിബിഐക്കും കേന്ദ്ര ഏജന്‍സികളുടേതായ പരിമിതികളുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായിയുടെ മറുപടിക്ക് പിന്നാലെ, മുഖ്യമന്ത്രിക്ക് സിബിഐയെ ഭയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. 

സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും, സര്‍ക്കാരിനും പൊലീസിനുമെതിരെ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനുമായി ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സബ്മിഷന്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തു കേസ് വേറൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇ ഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

പൊലീസും സര്‍ക്കാരും ഒന്നു മുതല്‍ മൂന്നുവരെ പ്രതികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിക്കുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാന്‍ പൊലീസ്, ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി. സ്വപ്‌ന സുരേഷ് ഇഡിക്ക് നല്‍കിയ മൊഴികള്‍ പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ട്. വ്യാജ ആരോപണങ്ങള്‍ വഴി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി കേസ് റദ്ദു ചെയ്തിട്ടും വീണ്ടും വിവരങ്ങള്‍ ശേഖരിക്കുന്നു. അന്വേഷണം പരിശോധിക്കാന്‍ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇ ഡി ഉന്നയിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

കേരളത്തിലെ സ്വര്‍ണക്കടത്തു കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പ്രത്യേക കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് വന്നത്. കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പൊലീസിനുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com