വടകര കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ കൂട്ട നടപടി; മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 10:39 AM  |  

Last Updated: 26th July 2022 10:42 AM  |   A+A-   |  

sajeevan

മരിച്ച സജീവന്‍/ ഫയല്‍

 

കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. വടകര പൊലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ 66 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയെടുത്തത്. 

സംഭവത്തില്‍ മൂന്നു പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വാഹനാപകടകേസില്‍ കസ്റ്റഡിയിലെടുത്ത വടകര താഴെ കോലോത്ത് പൊന്‍മേരി പറമ്പില്‍ സജീവന്‍ (42) എന്ന യുവാവാണ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. 

കുഴഞ്ഞു വീണ യുവാവിനെ ഉടനടി ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസുകാര്‍ നടപടി സ്വീകരിക്കണമായിരുന്നു. എന്നാല്‍ ഒരു പൊലീസുകാരും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചില്ലെന്നും, നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ സജീവനെ പൊലീസുകാര്‍ പരിഹസിച്ചെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത്തരത്തിലുള്ള സമീപനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് കൂട്ടനടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. 

വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ