കേരള അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു; വാഹനങ്ങളില്‍ പരിശോധന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 11:01 AM  |  

Last Updated: 29th July 2022 11:01 AM  |   A+A-   |  

police_checking

ഫയല്‍ ചിത്രം

 

കാസര്‍കോട്: മംഗലൂരുവില്‍ അടുപ്പിച്ച് രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലും ജാഗ്രത കര്‍ശനമാക്കി. കര്‍ണാടകയുമായുള്ള അതിര്‍ത്തി മേഖലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. 

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ മംഗലൂരു പൊലീസ് കമ്മീഷണറും കര്‍ണാടക പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ കാസര്‍കോട്ടേയ്ക്ക് ബൈക്കില്‍ കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെടുത്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേരള അതിര്‍ത്തിയായ വെള്ളാരയില്‍ നിന്നും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. 

ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മംഗലൂരുവില്‍ പൊലീസ് ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളജുകളും അടച്ചു. മദ്യശാലകളും പ്രവര്‍ത്തിക്കില്ല. നിരീക്ഷണത്തിനായി 19 താല്‍ക്കാലിക ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച നമസ്‌കാരം വീട്ടില്‍ തന്നെ നടത്താനും പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ ആവശ്യപ്പെട്ടു. മംഗലൂരുവിന് പുറമേ, പനമ്പൂര്‍, ബാജ്‌പേ, മുള്‍കി, സൂരത്കല്‍ എന്നിവിടങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 10 മണിയ്ക്ക് ശേഷം ഒഴിവാക്കാനാകാത്ത അത്യാവശ്യയാത്ര മാത്രമേ അനുവദിക്കൂ എന്നും കമ്മീഷണര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ; രാത്രി 10 ന് ശേഷം യാത്ര പാടില്ല; സ്‌കൂളുകളും മദ്യശാലകളും അടച്ചു; വെള്ളിയാഴ്ച നമസ്‌കാരം വീട്ടില്‍ മതിയെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ