പിന്മാറില്ലെന്ന് ജഡ്ജി; നടിയുടെ ആവശ്യം ഹൈക്കോടതി തള്ളി; ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ദിലീപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 12:14 PM  |  

Last Updated: 01st June 2022 12:18 PM  |   A+A-   |  

dileep highcourt

ഫയല്‍ ചിത്രം

 

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണ്. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണം. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ദിലീപ് കോടതിയില്‍ എതിര്‍ത്തു. 

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പ് ക്രൈംബ്രാഞ്ചിനു കിട്ടിയതാണ്. അത് ഇതുവരെ പരിശോധിച്ചില്ലെന്ന ക്രൈംബ്രാഞ്ചിന്റെ വാദം വിശ്വസിക്കരുത്. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നു ലഭിച്ചതാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ആദ്യം മുതല്‍ ഈ കേസ് പരിഗണിക്കുന്നതിനാല്‍ തനിക്ക് നിയമപരമായി ഈ കേസില്‍ നിന്ന് പിന്മാറുക സാധ്യമല്ലെന്ന് അതിജീവിതയുടെ ആവശ്യം നിരസിച്ചുകൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. 

തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാട് അറിയിച്ചത്. മുമ്പ് തുടരന്വേഷണത്തിന് സമയം നീട്ടിനൽകിയത് ജസ്റ്റിസ് കൗസർ എടപ്പ​ഗത്തിന്റെ കോടതിയാണ്.  അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് സയന്‍സ് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 ല്‍ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാര്‍ഡിന്റെ ഹാര്‍ഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 2018 ജനുവരി 09, ഡിസംബര്‍ 13 നുമാണ് മെമ്മറി കാര്‍ഡുകള്‍ തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്. 

ഹര്‍ജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ആവർത്തിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

'മെമ്മറി കാര്‍ഡ് തുറന്നത് രണ്ടു വട്ടം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ