ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു; ഡിലീറ്റായ വീഡിയോ വീണ്ടെടുക്കാന്‍ പോയതെന്ന് ഇബ്രാഹിം; പൊലീസ് നിയമോപദേശം തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 08:55 AM  |  

Last Updated: 11th June 2022 08:55 AM  |   A+A-   |  

shaj_and_ibrahim

ഷാജ് കിരണ്‍, ഇബ്രാഹിം/ ടി വി ദൃശ്യം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന നിലയില്‍ സംസാരിക്കാനെത്തി എന്ന് സ്വപ്‌ന സുരേഷ് പറയുന്ന ഷാജ് കിരണിനും ഇബ്രാഹിമിനും എതിരെ പൊലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ഓഡിയോ ഇന്നലെ സ്വപ്‌ന പുറത്തുവിട്ടിരുന്നു. 

അതിനിടെ ഇബ്രാഹിമും ഷാജ് കിരണും കേരളത്തില്‍ നിന്നും മുങ്ങി. തമിഴ്‌നാട്ടിലുണ്ടെന്നും ഇന്നലെ രാത്രിയാണ് തമിഴ്‌നാട്ടിലെത്തിയതെന്നും ഇബ്രാഹിം പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയത്. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. തിരിച്ചെടുത്താലുടന്‍ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കും. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു. 

ഈ വീഡിയോ കണ്ടാല്‍ ആരാണ് സ്വപ്‌നയ്ക്ക് പിന്നിലെന്ന് മനസ്സിലാകും. കൊച്ചിയില്‍ ഫോണ്‍ കൊടുക്കാന്‍ വിശ്വാസമില്ലാത്തതിനാലാണ് തമിഴ്‌നാട്ടിലേക്ക് പോയത്. സുഹൃത്തായ ടെക്‌നീഷ്യന്റെ സഹായത്തോടെ വീഡിയോ വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. വ്യാഴാഴ്ച വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും ഇബ്രാഹിം പറയുന്നു. 

മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തിൽ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം.  മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് നടപടി എടുക്കാതെ സംരക്ഷിക്കുന്നു എന്ന ചോദ്യം ഉയർന്നിരുന്നു. 

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്‍റെ ആരോപണങ്ങളിൽ ബിലീവേഴ്സ് ചർച്ച് അധികൃതർ ഇന്ന് പരാതി നൽകിയേക്കും. എഡിജിപി എം ആർ അജിത് കുമാർ ഷാജ് കിരണുമായി സംസാരിച്ചിരുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് നിര്‍ബന്ധിച്ചു; സ്വപ്‌ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തി'; സരിത എസ് നായരുടെ മൊഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ