'കരിമ്പൂച്ച'കളുടെ സംരക്ഷണത്തില്‍ സ്വപ്‌ന; ബോഡിഗാര്‍ഡുകള്‍ ആന്ധ്രയില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 10:25 AM  |  

Last Updated: 13th June 2022 11:40 AM  |   A+A-   |  

swapna_body_guard

സ്വപ്‌ന സുരേഷ് അംഗരക്ഷകര്‍ക്കൊപ്പം/എ സനേഷ്‌

 


കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പടുത്തലുകള്‍ക്ക് പിന്നാലെ സ്വപ്‌ന സുരേഷ് സുരക്ഷയ്ക്കായി രണ്ട് അംഗരക്ഷകരെ നിയോഗിച്ചു.  സ്വകാര്യസുരക്ഷാ ഏജന്‍സിയില്‍ നിന്നുള്ള ആന്ധ്രാ സ്വദേശികളായ യുവാക്കളാണ് സുരക്ഷാ ചുമതലയിലുള്ളത്. സ്വന്തം നിലയ്ക്കാണ് സ്വപ്‌ന ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിട്ടുള്ളത്. ഇരുവരും മുഴുവന്‍ സമയവും സ്വപ്നയ്‌ക്കൊപ്പം ഉണ്ടാകും. 

മുഖ്യമന്ത്രിയുടെ പൊലീസ് തന്നെ പതുങ്ങി പിന്തുടരേണ്ടെന്നും, ആ പൊലീസിന്റെ സുരക്ഷ തനിയ്ക്ക് ആവശ്യമില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവിലേക്കായി പറയുന്നു, തന്റെയും കുട്ടിയുടേയും സുരക്ഷയ്ക്കായി താന്‍ സുരക്ഷാഭടന്മാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേരള പൊലീസ് തന്റെ ഫ്‌ലാറ്റിന് മുന്നില്‍ പതുങ്ങി നില്‍ക്കേണ്ട. മുഖ്യമന്ത്രിയുടെ പൊലീസ് തന്റെ കാര്യങ്ങള്‍ നോക്കേണ്ട. എത്രയും വേഗം അവരെ പിന്‍വലിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.

സ്വപ്‌ന അംഗരക്ഷകര്‍ക്കൊപ്പം/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
 

സുരക്ഷാജീവനക്കാരുടെ അകമ്പടിയിലാണ് ഇന്നലെ രാവിലെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ സ്വപ്ന ഒപ്പിടാനെത്തിയത്. സ്വര്‍ണക്കടത്തുകേസ് ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സ്വപ്ന സ്‌റ്റേഷനിലെത്തിയത്. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത് വിവാദമായതോെട സുരക്ഷവേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. 

ഷാജ് കിരണ്‍ പറഞ്ഞതുപോലെ ഒന്നൊന്നായി എല്ലാം നടന്നില്ലേയെന്ന് സ്വപ്ന ചോദിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഷാജ് കിരണിനെ 36 തവണ വിളിച്ചതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുണ്ട്. എന്തിനുവേണ്ടി അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു?. യഥാര്‍ത്ഥ ഗൂഢാലോചന എവിടെയാണ് നടന്നിരിക്കുന്നത് എന്ന് ഇതില്‍ നിന്നും മനസ്സിലാകുമെന്നും സ്വപ്‌ന സുരേഷ് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നു മുതൽ മെഡിസെപ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ