മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: അധ്യാപകന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 12:02 PM  |  

Last Updated: 14th June 2022 12:11 PM  |   A+A-   |  

farzin_majeed

ഫര്‍സീന്‍ മജീദ്, വിമാനത്തിനുള്ളിലെ പ്രതിഷേധം

 

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്. അധ്യാപകൻ സർവീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും, സസ്പെൻഡ് ചെയ്തതായും മാനേജ് മെന്റ് അറിയിച്ചു. സംഭവത്തിൽ ഡിപിഐയുടെ നിര്‍ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചു. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ അധ്യാപകന്‍ പ്രതിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനു പിന്നാലെ ഏതാനും രക്ഷിതാക്കളെത്തി കുട്ടികളുടെ ടിസി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്നലെ വൈകീട്ട്, മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍  യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയ മൂന്നാമന്‍ ഒളിവില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ