മര്‍ദ്ദിച്ച് അവശനാക്കി വടിവാള്‍ പിടിപ്പിച്ചു; യുവാവിന് നേരെ എസ്ഡിപിഐ- മുസ്ലീം ലീഗ് ആള്‍ക്കൂട്ട ആക്രമണം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 01:27 PM  |  

Last Updated: 23rd June 2022 01:27 PM  |   A+A-   |  

mob_attack

മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണു

 

കോഴിക്കോട്:  എസ്ഡിപിഐയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് ആള്‍ക്കൂട്ട മര്‍ദ്ദനം. തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ബാലുശേരി പാലോളി മുക്കിലാണ് സംഭവം. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം പറയുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഒരുമണിക്ക് പിടികൂടിയ ജിഷ്ണുവിനെ മൂന്നരയോടെ ബാലുശേരി പൊലീസിനെ വിളിച്ച് കൈമാറുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പൊലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

രണ്ടുമണിക്കൂര്‍ നേരമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഫ്ലക്സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു. ബലം പ്രയോഗിച്ച് വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറയുന്നു. എല്ലാം കുറ്റങ്ങളും ഇവന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇനി തെളിവ് വേണ്ടതില്ലെന്നും ആള്‍ക്കൂട്ടം പൊലീസിനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

ആക്രമണസംഘത്തില്‍ മുപ്പത് ഓളം പേര്‍ ഉണ്ടായിരുന്നതായും യാതൊരു രാഷ്ട്രീയസംഘര്‍ഷവും നിലനില്‍ക്കുന്ന പ്രദേശമല്ല ബാലുശേരിയിലെ പാലോളി മുക്കെന്ന് പൊലീസ് പറയുന്നു. അതേസമയം യുവാവ് ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചെന്ന് എസ്ഡിപിഐ പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇനി കൂടുതല്‍ പണം നല്‍കണം; മൈക്ക് ലൈസന്‍സിന് ഇരട്ടിത്തുക; സേവന നിരക്കുകള്‍ കൂട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ