അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ;  കോളജ് വിദ്യാർത്ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 03:03 PM  |  

Last Updated: 30th June 2022 03:03 PM  |   A+A-   |  

sreelakshmi

മരിച്ച ശ്രീലക്ഷ്മി

 

പാലക്കാട്:  പേവിഷബാധയെത്തുടർന്ന് കോളജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കോയമ്പത്തൂർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. 

കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക്  അയൽവീട്ടിലെ നായയുടെ കടിയേറ്റത്. ഇതേത്തുടർന്ന് ഡോക്ടറെ കണ്ട  ശ്രീലക്ഷ്മി ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും എടുത്തിരുന്നു. തുടര്‍ന്ന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്.  ഉടന്‍ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും മരിച്ചു. 

സിന്ധുവാണ് അമ്മ. സനത്ത്, സിദ്ധാർത്ഥൻ എന്നിവർ സഹോദരങ്ങളാണ്. ശ്രീലക്ഷ്മിക്ക് കടിയേറ്റ അന്നു തന്നെ നായയുള്ള വീട്ടിലെ അയല്‍വാസിയായ വയോധികക്കും രണ്ടു തവണ കടിയേറ്റിരുന്നു. ഇവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ല.

ഈ വാർത്ത കൂടി വായിക്കാം 

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ