വാക്‌സിന്‍ എടുത്തിട്ടും പേ വിഷബാധയേറ്റു മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 04:52 PM  |  

Last Updated: 30th June 2022 04:52 PM  |   A+A-   |  

sreelakshmi

മരിച്ച ശ്രീലക്ഷ്മി

 

പാലക്കാട്: വാക്‌സിന്‍ എടുത്തിട്ടും കോളജ് വിദ്യാര്‍ഥിനി പേ വിഷബാധയേറ്റ് മരിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചാണ് വിശദമായ അന്വേഷണം നടത്തുക.

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (18) ആണ് പേ വിഷബാധയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കോയമ്പത്തൂര്‍ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് അയല്‍വീട്ടിലെ നായയുടെ കടിയേറ്റത്. ഇതേത്തുടര്‍ന്ന് ഡോക്ടറെ കണ്ട ശ്രീലക്ഷ്മി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സീനുകളും എടുത്തിരുന്നു. തുടര്‍ന്ന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും മരിച്ചു.

സിന്ധുവാണ് അമ്മ. സനത്ത്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ശ്രീലക്ഷ്മിക്ക് കടിയേറ്റ അന്നു തന്നെ നായയുള്ള വീട്ടിലെ അയല്‍വാസിയായ വയോധികക്കും രണ്ടു തവണ കടിയേറ്റിരുന്നു. ഇവര്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.

ഈ വാർത്ത കൂടി വായിക്കാം 

അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ;  കോളജ് വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ